ശ്രീനഗര്‍: ദല്‍ഹി ഹൈക്കോടതിക്ക് മുമ്പില്‍ നടന്ന സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനെന്ന് കരുതുന്നയാളെ കാശ്മീരിലെ കിഷ്ത്വാറില്‍ എന്‍.ഐ.എ അറസ്റ്റുചെയ്തു. ഡോ. വസീം എന്നയാളെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Subscribe Us:

വസീമിന്റെ അറസ്റ്റ് അന്വേഷണത്തില്‍ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ. അദ്ദേഹത്തിന്റെ സഹോദരന്‍ ജുനൈദാണ് സ്‌ഫോടകവസ്തുക്കള്‍ കോടതി റിസപ്ഷന് സമീപം കൊണ്ടുവച്ചതെന്നാണ് സൂചന. ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹീദീന്റെ കമാന്ററാണ് ജുനൈദ്.

ഈ കേസില്‍ എന്‍.ഐ.എ അറസ്റ്റുചെയ്യുന്ന മൂന്നാമത്തെയാണ് വസീം. നേരത്തെ കിഷ്ത്വാര്‍ സ്വദേശികളായ അമീര്‍ അബ്ബാസ്, അബിദ് ഹുസൈന്‍ എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. സംഭവം നടന്ന മൂന്ന് മണിക്കൂറിനുള്ളില്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് അയച്ച മെയില്‍ ആബിദ് അയച്ചതാണെന്ന് വ്യക്തമായിട്ടുണ്ട്.

സെപ്റ്റംബര്‍ ഏഴിന് ദല്‍ഹി ഹൈക്കോടതിക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും 80 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.