എഡിറ്റര്‍
എഡിറ്റര്‍
ഓസ്‌ട്രേലിയയുടെ പുതിയ പ്രധാനമന്ത്രിയായി കെവിന്‍ റൂഡ് അധികാരമേറ്റു
എഡിറ്റര്‍
Thursday 27th June 2013 10:50am

Kevin-Rudd

സിഡ്‌നി: ഓസ്‌ട്രേയിലിയയുടെ പുതിയ പ്രധാനമന്ത്രിയായി കെവിന്‍ റൂഡ് അധികാരമേറ്റു. ലേബര്‍ പാര്‍ട്ടി നേതൃസ്ഥാന മത്സരത്തില്‍ മുന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡിനെ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് കെവിന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റത്.

തലസ്ഥാനമായ കാന്‍ബറയിലെ ഗവണ്‍മെന്റ് ഹൗസില്‍ ഗവര്‍ണര്‍ ജനറല്‍ ക്വിന്റിന്‍ ബ്രൈസിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് കെവിന്‍ അധികാരമേറ്റു. നേതൃസ്ഥാനമത്സരത്തില്‍ പരാജയപ്പെട്ടാല്‍ രാഷ്ട്രീയ ജീവിതം അവസാനിക്കുമെന്ന് ഗില്ലാര്‍ഡ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

Ads By Google

ഇന്നലെ നടന്ന ലേബര്‍ പാര്‍ട്ടിയുടെ നേതൃസ്ഥാന മത്സരത്തില്‍ കെവിന് 57 വോട്ടുകള്‍ ലഭിച്ചിരുന്നു. ഗില്ലാര്‍ഡിന് ലഭിച്ചത് 45 വോട്ടുകളാണ്. വരുന്ന സെപ്റ്റംബറില്‍ ഓസ്‌ട്രേലിയയില്‍ പൊതു തിരഞ്ഞെടുപ്പ് വരാനിരിക്കേയാണ് അധികാരമാറ്റം നടന്നിരിക്കുന്നത്.

അതേസമയം, പൊതു തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് വിജയശതമാനം കുറവാണെന്നാണ് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ഗില്ലാര്‍ഡിന്റെ മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്ന കെവിന്‍ 2012ല്‍ ഗില്ലാര്‍ഡുമായി ഉടക്കി സ്ഥാനമൊഴിയുകയായിരുന്നു.

പുതിയ പ്രധാനമന്ത്രിയായ കെവിനെ പ്രതിപക്ഷ നേതാവ് ടോണി അബോട്ട് അഭിനന്ദിച്ചു. പൊതു തിരഞ്ഞെടുപ്പ് നേരത്തേയാകുമോ എന്നതില്‍ വ്യക്തത നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

ലേബര്‍ പാര്‍ട്ടിയിലെ മുന്‍നിര നേതാവാണ് കെവിന്‍ റൂഡ്.

Advertisement