ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനായിരുന്ന കെവിന്‍ പീറ്റേഴ്‌സണെ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ നിന്നും പുറത്താക്കിയ നടപടിയില്‍ പ്രതിഷേധം. പീറ്റേഴ്‌സണെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് വൈരാഗ്യം മൂലമാണെന്നാണ് ആരാധകരും അസോസിയേഷനിലെ ചില അംഗങ്ങളും പറയുന്നത്.

Ads By Google

ക്യാപ്റ്റന്‍ ആന്‍ഡ്രൂ സ്‌ട്രോസിനെയും കോച്ച് ആന്‍ഡി ഫ്‌ളവറിനെയും കുറിച്ച് ആക്ഷേപകരമായ സന്ദേശങ്ങള്‍ എതിര്‍ ടീം കളിക്കാര്‍ക്ക് അയച്ചു എന്ന ആരോപണത്തെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ മൂലമാണ് പീറ്റേഴ്‌സണെ ടീമില്‍ നിന്നും പുറത്താക്കിയത്.

എന്നാല്‍ പുറത്താക്കല്‍ നടപടി താത്ക്കാലികമാണെന്നാണ് കരുതുന്നതെന്നും ഇത് തന്റെ കരിയറിന്റെ അവസാനമാണെന്ന് കരുതുന്നില്ലെന്നും പീറ്റേഴ്സണ്‍ പ്രതികരിച്ചു. ‘എന്നെ കുറിച്ച് ചില തെറ്റിദ്ധാരണകള്‍ ടീം മാനേജ്‌മെന്റിനുണ്ട്. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. സഹകളിക്കാരെ മോശക്കാരായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടില്ല.

എങ്കിലും ഞാന്‍ തെറ്റ് ചെയ്‌തെന്ന് ടീം അധികൃതര്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ എനിയ്‌ക്കെതിരെ നടപടിയെടുത്തോട്ടെ. സെലക്ടര്‍മാരുടെ തീരുമാനത്തില്‍ ഞാന്‍ തീര്‍ത്തും നിരാശനാണ്. എങ്കിലും രാജ്യത്തിന് വേണ്ടി കളിക്കാന്‍ ഏറെ ആഗ്രഹമുണ്ട്’- പീറ്റേഴ്‌സണ്‍ പറഞ്ഞു.