എഡിറ്റര്‍
എഡിറ്റര്‍
മോഡിക്ക് തിരിച്ചടി: കേശുഭായ് പട്ടേല്‍ രാജിവെച്ചു, പുതിയ പാര്‍ട്ടി ഉടന്‍
എഡിറ്റര്‍
Sunday 5th August 2012 12:25am

അഹമ്മദാബാദ്: ഗുജറാത്ത് മുന്‍മുഖ്യമന്ത്രിയും വിമതനേതാവുമായ കേശുഭായ് പട്ടേല്‍ ബി.ജെ.പി.യില്‍ നിന്ന് രാജിവെച്ചു. ഡിസംബറില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും അതായിരിക്കും യഥാര്‍ത്ഥ ബി.ജെ.പിയെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.

Ads By Google

കേശുഭായിക്കൊപ്പം ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച മുന്‍ കേന്ദ്രമന്ത്രി കാന്‍ഷിറാം റാണയും സന്നിഹിതനായിരുന്നു. മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ ജനകീയപ്രക്ഷോഭം തുടങ്ങുമെന്ന് കേശുഭായ് അറിയിച്ചു. ഗുജറാത്തില്‍ ബി.ജെ.പി ഇപ്പോള്‍ ഏകാംഗ പാര്‍ട്ടിയാണെന്നും പാര്‍ട്ടി നയങ്ങളില്‍ നിന്ന് വ്യതിചലിച്ചെന്നും കേശുഭായ് പട്ടേല്‍ കുറ്റപ്പെടുത്തി.

വലിയ വേദനയോടെയാണ് പാര്‍ട്ടിവിടുന്നത്. അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിയ മോഡിസര്‍ക്കാറിനെ അധികാരത്തില്‍നിന്ന് ഇറക്കുന്നതിനായിട്ടായിരിക്കും ഇനിയുള്ള പ്രവര്‍ത്തനം. ഹിന്ദുത്വം എന്നതിന്
മുസ്‌ലീംകളുടെ ക്ഷേമത്തിനുള്ള പ്രവര്‍ത്തനമെന്ന അര്‍ഥവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്രമോഡി രാക്ഷസനാണെന്നും സംസ്ഥാനത്തെ സാധാരണക്കാരും ഇടത്തരക്കാരും മോഡി സര്‍ക്കാരിനെതിരാണ്. പുരാണ കഥകളില്‍ രാക്ഷസന്‍മാരുടെ ജീവന്‍ ഏതെങ്കിലും പക്ഷികളിലാണ് ഒളിഞ്ഞിരിക്കുക. ഇത്തരം പക്ഷികളെ നായകന്‍ കൊല്ലുകയാണ് പതിവ്. അതുപോലെ മോഡിയുടെ ജീവിതം നിങ്ങളുടെ വോട്ടുകളിലാണ്. അത് നല്‍കാതെ വരുമ്പോള്‍ മോഡി ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ പാര്‍ട്ടിയുണ്ടാക്കി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തിരക്കിട്ട ശ്രമമാണ് കേശുഭായ് നടത്തുന്നത്. പട്ടേല്‍ വിഭാഗക്കാരുടെ ശക്തികേന്ദ്രമായ സൗരാഷ്ട്രയില്‍ നിന്നുതന്നെ ജനവിധി തേടാനാണ് അദ്ദേഹം ഒരുങ്ങുന്നത്. ജനസ്വാധീനത്തില്‍ മോഡി കഴിഞ്ഞാല്‍ ഗുജറാത്തിലിപ്പോഴും കേശുഭായ് തന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രമുള്ള ഗുജറാത്തില്‍ കേശുഭായിയും സംഘവും രാജിവെച്ചത് ബി.ജെ.പി.ക്ക് ക്ഷീണമാകും. സംസ്ഥാനത്തെ ജനസംഖ്യയില്‍ 18 ശതമാനത്തിലേറെ വരുന്ന പട്ടേല്‍സമുദായക്കാരില്‍ അദ്ദേഹത്തിനിപ്പോഴും വലിയ സ്വാധീനമുണ്ട്.

ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്ന സുരേഷ് മേഹ്ത 2007ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത്  ബി.ജെ.പി വിട്ടിരുന്നു. പാര്‍ട്ടിയിലും സര്‍ക്കാരിലുമുള്ള മോഡിയുടെ ഏകാധിപത്യത്തില്‍ പ്രതിഷേധിച്ചായിരുന്നു രാജി. രാജിവെച്ച അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടികളൊന്നും രൂപീകരിച്ചില്ലെങ്കിലും ബി.ജെ.പിയിലെ വിമതസംഘമായ പട്ടേലുമായും റാണയുമായും നല്ല ബന്ധം പുലര്‍ത്തിയിരുന്നു. കൂടാതെ മുന്‍മന്ത്രി ഗോര്‍ധന്‍ സഡാഫിയയും ബി.ജെ.പി വിട്ട് മഹാഗുജറാത്ത് ജനതാപാര്‍ട്ടി (എം.ജെ.പി.) രൂപീകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഈ വിമതസംഘങ്ങളുടെ ഐക്യം ബി.ജെ.പിക്ക് കനത്ത വെല്ലുവിളിയായിരിക്കുമെന്നതില്‍ സംശയമില്ല. കേശുഭായി രൂപവത്കരിക്കുന്ന പാര്‍ട്ടിയില്‍ ലയിക്കുമെന്ന് എം.ജെ.പി നേതൃത്വം ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.

2001ലാണ് ബി.ജെ.പി. കേശുഭായി പട്ടേലിനെ നീക്കി നരേന്ദ്രമോഡിയെ ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനത്ത് പ്രതിഷ്ഠിച്ചത്. അന്നുമുതല്‍ ഏറെക്കുറെ രാഷ്ട്രീയ വനവാസത്തിലായിരുന്നു അദ്ദേഹം.

അതിനിടെ രാജിപിന്‍വലിക്കാന്‍ കേശുഭായ് പട്ടേല്‍ തയ്യാറാകണമെന്ന് ബി.ജെ.പി. നേതാവ് നിതിന്‍ ഗഡ്കരി അഭ്യര്‍ഥിച്ചു. പാര്‍ട്ടിയുടെയും സംസ്ഥാനത്തിന്റെയും താത്പര്യം കണക്കിലെടുക്കാന്‍ അദ്ദേഹം തയ്യാറാകണമെന്നും ഗഡ്കരി പറഞ്ഞു.

ബി.ജെ.പി ദേശീയ നേതൃത്വം മോഡിയ്ക്ക് മുന്നില്‍ തലകുനിക്കുന്നു; ഗോര്‍ധന്‍ സഡാഫിയ

Advertisement