Categories

അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ തയ്യാറാകണമെന്ന് ഫലസ്തീനോടും ഇസ്രഈലിനോടും കെറി

John-Kerry-668-350

വാഷിങ്ടണ്‍: ഗസ-ഇസ്രഈല്‍ വെടിനിര്‍ത്തലിന്റെ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍കെറി. ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്ന വെടിനിര്‍ത്തല്‍ ഇത്തരമൊരു നീക്കത്തിനുപയോഗിക്കണമെന്നാണ് അദ്ദേഹം ഇരു രാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് കെറിയുടെ അഭ്യര്‍ത്ഥന.

കഴിഞ്ഞ ഒരുമാസമായി നടന്നുവരുന്ന ആക്രമണങ്ങള്‍ക്കാണ് ഇപ്പോള്‍ 72 മണിക്കൂര്‍ വെടി നിര്‍ത്തലിലൂടെ താല്‍ക്കാലിക വിരാമം വന്നിരിക്കുന്നത്. ഏകദേശം 2000ത്തോളം മനുഷ്യരാണ് ഇസ്രഈലിന്റെ ഗസ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്.

ഈജിപ്തിന്റെ മുന്‍കൈയ്യിലാണ് ഇപ്പോഴത്തെ വെടിനിര്‍ത്തല്‍ കരാറിന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായത്. ഇതേ തുടര്‍ന്ന് ഇസ്രഈല്‍ സൈന്യത്തെ ഗസയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ലോകരാഷ്ട്രങ്ങളുടെ സമ്മര്‍ദ്ദഫലമായാണ് ഇത്തരമൊരു നീക്കത്തിന് ഇസ്രഈല്‍ തയ്യാറായതെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

കെറിയുടെ പ്രസ്താവന ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പ്രശ്‌ന പരിഹാരത്തിന് അമേരിക്ക മുന്‍കൈ എടുക്കുമെന്ന് കഴിഞ്ഞ ദിവസം വാഷിങ്ടണ്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

എന്നാല്‍ ഇസ്രഈലിന് ലഭിക്കുന്ന ആയുധങ്ങളില്‍ 95 ശതമാനവും അമേരിക്കയില്‍ നിന്നുമാണെന്ന വിവരം ലോകത്ത് കടുത്ത വിമര്‍ശനങ്ങളണ് ഏറ്റുവാങ്ങിയിട്ടുള്ളത്. ഇസ്രഈലിന് ആയുധങ്ങള്‍ നല്‍കുന്നതിനെക്കുറിച്ച് ബ്രിട്ടനുള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ പുനരവലോകനം നടത്തുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഇതുവരെയും അമേരിക്ക പ്രതികരിച്ചിട്ടില്ല.

അതേസമയം ഇസ്രഈലിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അമേരിക്ക പൂര്‍ണമായും പിന്തുണയ്ക്കുമെന്ന് കെറി വ്യക്തമാക്കി. ഹമാസ് സൈനികരുടെ മിസൈല്‍ ആക്രമണങ്ങളെ ചെറുക്കാന്‍ ഇസ്രഈലിന് അവകാശമുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇസ്രഈല്‍ സൈന്യം ഏകപക്ഷീയമായി ഗസയ്ക്കുമേല്‍ വിമാനാക്രമണം നടത്തിയതിനെ തുടര്‍ന്നാണ് 2014 ജൂലൈ എട്ടിന് യുദ്ധം ആരംഭിച്ചത്. ഇസ്രഈല്‍ ആക്രമണത്തില്‍ ഇതുവരെ 1900 ഫലസ്തീനികളാണ് കൊല്ലപ്പെട്ടിട്ടുള്ളത്. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും കുഞ്ഞുങ്ങളടക്കമുള്ള സാധാരണക്കാരാണ്. 64 ഇസ്രാഈലി സൈനികരും രണ്ട് ഇസ്രഈലി പൗരന്‍മാരും ഇസ്രഈലില്‍ ജോലിചെയ്തിരുന്ന ഒരു തായ് പൗരനും ഹമാസ് നടത്തിയ പ്രതിരോധത്തില്‍ കൊല്ലപ്പെട്ടിരുന്നു.