ആലപ്പുഴ: വൈദ്യുതിക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ വൈദ്യുതിയുള്ളവര്‍ക്ക് റേഷന്‍ മണ്ണെണ്ണ ഒരുലിറ്റര്‍ നല്‍കും. അരലിറ്ററായിരുന്നു കാര്‍ഡുടമകള്‍ക്ക് ഇതുവരെ നല്‍കിയിരുന്നത്.

Ads By Google

വൈദ്യുതിയില്ലാത്ത കാര്‍ഡുടമകളുടെ വിഹിതത്തില്‍ വര്‍ധനയില്ല. അവര്‍ക്ക് ലഭിക്കുന്ന നാലു ലിറ്റര്‍ തുടര്‍ന്നും ലഭിക്കും. വൈദ്യുതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ വിഹിതം ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് കേരള സ്‌റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസ്സോസിയേഷന്‍ ഭാരവാഹികള്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

വൈദ്യുതിയുള്ള എല്ലാ കാര്‍ഡുടമകള്‍ക്കും ഒക്ടോബറില്‍ ഒരു ലിറ്റര്‍ വീതം മണ്ണെണ്ണ നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഇന്നലെ സപ്ലൈ ഓഫീസുകളില്‍ ലഭിച്ചു. എന്നാല്‍, വരുംമാസങ്ങളില്‍ വിഹിതം ഒരു ലിറ്ററായി തുടരുമോയെന്നതിന് തീരുമാനമെടുത്തിട്ടില്ല.

കേന്ദ്രത്തില്‍നിന്നുള്ള മണ്ണെണ്ണ വിഹിതം കുറഞ്ഞെന്ന കാരണത്താല്‍ ഏതാനുംമാസം മുമ്പാണ് വൈദ്യുതിയുള്ള കാര്‍ഡുടമകളുടെ മണ്ണെണ്ണ രണ്ട് ലിറ്ററില്‍നിന്ന് അരലിറ്ററാക്കിയത്.

വൈദ്യുതിയില്ലാത്ത കാര്‍ഡുടമകളുടെ വിഹിതം അഞ്ചുലിറ്ററില്‍നിന്ന് നാലാക്കുകയും ചെയ്തിരുന്നു.