തിരുവനന്തപുരം: ശരിയായ രേഖകള്‍ ഹാജരാക്കാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണ് കേന്ദ്രമന്ത്രി ശശിതരൂര്‍ വോട്ടര്‍പട്ടികയില്‍ ഇടം നേടിയതെന്ന് റിപ്പോര്‍ട്ട്. ന്യൂസ് പോര്‍ട്ടലായ കേരളവാച്ചാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥരുടെ വഴിവിട്ട ഒത്താശയും ഇക്കാര്യത്തില്‍ തരൂരിന് തുണയായെന്നും പോര്‍ട്ടല്‍ വ്യക്തമാക്കുന്നു.

റേഷന്‍കാര്‍ഡിനുവേണ്ടി അപേക്ഷിക്കാന്‍ മാത്രമായി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്നും ലഭിച്ച റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റാണ് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാനുള്ള അപേക്ഷക്കൊപ്പമുണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വോട്ടര്‍പട്ടികയില്‍ അംഗത്വം നേടുന്നതിന് ഈ അപേക്ഷ മതിയാകില്ല. എന്നാല്‍ അനര്‍ഹമായി വി ഐ പി പദവി നല്‍കി തരൂരിന്റെ അപേക്ഷ സ്വീകരിക്കുകയാണ് ഇലക്ടറല്‍ ഓഫീസര്‍ ചെയ്തത്.

Subscribe Us:

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ അപേക്ഷ നല്‍കുമ്പോള്‍ ശശിതരൂര്‍ തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥിരതാമസക്കാരനായിരുന്നില്ലെന്ന് രേഖകള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അപേക്ഷയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ സത്യപ്രസ്താവനാ കോളം പൂരിപ്പിച്ചിട്ടില്ല. അനര്‍ഹമായി വി ഐ പി പരിഗണന നല്‍കിയാണ് തരൂര്‍ വോട്ടര്‍ പട്ടികില്‍ ഇടം നേടിയത്.

ശശി തരൂര്‍ തിരുവനന്തപുരത്ത് വാടക വീടെടുക്കുന്നത് 2008 ഒക്ടോബര്‍ 27നാണ്. കവടിയാറിലെ വേമ്പനാട് ഹൗസ്, ടി.സി 9/277(2), പാലസ് ഗാര്‍ഡന്‍സ്, ഗോള്‍ഫ് ലിങ്ക് ലൈന്‍, തിരുവനന്തപുരം ഇതായിരുന്നു വിലാസം. വീടെടുത്ത അതേ ദിവസം തന്നെയാണ് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അപേക്ഷ നല്‍കിയത്. തിരുവനന്തപുരത്ത് ഒരു ദിവസം പോലും താമസിക്കാതെയാണ് സ്ഥിരതാമസക്കാരന്‍ എന്ന വ്യാജേന തരൂര്‍ അപേക്ഷ നല്‍കിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാകുന്നു.

അപേക്ഷയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ സത്യപ്രസ്താവനാ കോളം പൂരിപ്പിച്ചിട്ടില്ല. എന്നുമുതല്‍ സ്ഥിരതാമസക്കാരനാണ് എന്ന വിവരം നല്‍കേണ്ടത് ഈ കോളത്തിലാണ്. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനായുളള അപേക്ഷാ ഫോമിന്റെ ഖണ്ഡിക നാലില്‍ പറയുന്ന സത്യപ്രസ്താവനാ കോളം ശശി തരൂര്‍ പൂരിപ്പിച്ചിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്.