കോട്ടയം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന നിലപാടില്‍ കേരളം ഉറച്ചുനില്‍ക്കുന്നു. ഇപ്പോഴുള്ള അണക്കെട്ട് ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായതിനാല്‍ ശാശ്വതപരിഹാരമെന്ന നിലയ്ക്ക് പുതിയ അണക്കെട്ട് അത്യാവശ്യമാണെന്ന് കേരളം വാദമുന്നയിക്കുന്നു.

വെള്ളത്തിനേക്കാള്‍ കേരളത്തിനു പ്രധാനം ജനങ്ങളുടെ സുരക്ഷയാണെന്നും തങ്ങള്‍ക്കു വെള്ളം വേണമോ വേണ്ടയോ എന്ന് തമിഴ്‌നാട് തീരുമാനിക്കട്ടെയെന്നുമുള്ള നിലപാടിലാണ് കേരളം. പുതിയ അണക്കെട്ടിനെതിരെ തമിഴ്‌നാട് ശക്തമായി രംഗത്തുവന്നതിനെത്തുടര്‍ന്നാണ് കേരളം തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നത്. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമപരിഗണനയെന്ന് ബോധ്യപ്പെടുത്തി സുപ്രീംകോടതിയില്‍ കേസ് നടത്താനാണ് കേരളത്തിന്റെ തീരുമാനം.

കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയുടെ ഗ്രീന്‍ബെഞ്ചും അനുമതി നല്‍കിയെങ്കില്‍ മാത്രമേ പുതിയ അണക്കെട്ടിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുകയുള്ളു.

പെരിയാര്‍ കടുവ സംരക്ഷണകേന്ദ്രത്തില്‍ ഉള്‍പ്പെടുന്ന മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിതിക്ക് അനുവാദം കിട്ടുക എളുപ്പമല്ല. എങ്കിലും പുതിയ അണക്കെട്ടല്ലാതെ കേരളത്തിനു മുന്നില്‍ മറ്റൊരു പോംവഴിയില്ല.

ഇപ്പോള്‍ കൊണ്ടുപോകുന്ന അളവില്‍ വെള്ളം കൊണ്ടുപോകാന്‍ പുതിയ അണക്കെട്ട് നിര്‍മ്മിച്ചാലും തമിഴ്‌നാടിന് അനുമതി നല്‍കുമെന്ന് കേരളം വ്യക്തമാക്കിയിട്ടുണ്ട്.