തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ സാമൂഹ്യ വനവല്‍ക്കരണ പദ്ധതിക്ക് അന്താരാഷ്ട്ര അംഗീകാരം. പരിസ്ഥിതി സംരക്ഷണവും കുട്ടികളില്‍ പരിസ്ഥിതി അവബോധവും വളര്‍ത്താന്‍ ലക്ഷ്യമിട്ട് നാലുവര്‍ഷമായി നടപ്പാക്കിയ പദ്ധതിക്കാണ് ഐക്യരാഷട്ര സഭയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.

സംസ്ഥാന വനംവകുപ്പ് നടപ്പാക്കിയ പദ്ധതികളാണ് ശ്രദ്ധനേടിയത്. വനവല്‍ക്കരണവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് നടപ്പാക്കിയ എന്റെ മരം, ഹരിതകേരളം, ഹരിത തീരം, വഴിയോരത്തണല്‍, എന്നീ പദ്ധതികളാണ് അന്താരാഷ്ട്രതലത്തില്‍ അംഗീകാരം നേടിയിരിക്കുന്നത്.

ഈ പദ്ധതികളുടെ ഭാഗമായി 1.8 കോടിയോളം തൈകള്‍ നടാന്‍ കഴിഞ്ഞു. അന്താരാഷ്ട്രതലത്തില്‍ യു എന്‍ നടപ്പിലാക്കുന്ന ‘പ്ലാന്റ് ഫോര്‍ പ്ലാനറ്റ്’ പദ്ധതിയുമായി ബന്ധപ്പെട്ടാണ് പുരസ്‌കാരം.