Categories

കേരളം തീവ്രാദ കേന്ദ്രം: വാര്‍ത്ത ശരിയല്ല-ഡി.ജി.പി

terroristകൊച്ചി: കേരളം തീവ്രവാദ സംഘടനകളുടെ കേന്ദ്രമാണെന്ന് ഐ.ബി റിപ്പോര്‍ട്ട് ചെയ്തതായുള്ള വാര്‍ത്ത ശരിയല്ലെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് വ്യക്തമാക്കി. ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന പോലെയുള്ള റിപ്പോര്‍ട്ട് കേരള പോലീസിനു ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി അടുത്തകാലത്തൊന്നും ഗൗരവമായ ഒരു റിപ്പോര്‍ട്ടും സംസ്ഥാനത്തിനു നല്‍കിയിട്ടില്ല. ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ കേന്ദ്രം സ്ഥിരമായി ചില സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശങ്ങള്‍ നല്‍കാറണ്ട്. ആ പട്ടികയില്‍ പോലും ഇതുവരെ കേരളത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. കേരളം തീവ്രവാദികള്‍ക്കു വളക്കൂറുള്ള മണ്ണാണെന്ന തരത്തില്‍ മാധ്യമങ്ങള്‍ ആലങ്കാരികമായി എഴുതിയതാവാം. റിപോര്‍ട്ട് മാധ്യമങ്ങളുടെ കൈയിലുണ്ടെങ്കില്‍ അവര്‍ അതു പ്രസിദ്ധീകരിണമെന്നും ഡി.ജി.പി വ്യക്തമാക്കി.

ഐ.ബി റിപോര്‍ട്ട് സംബന്ധിച്ച വാര്‍ത്തയുടെ സ്രോതസ്സ് വ്യക്തമല്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ തൃശൂരില്‍ അറിയിച്ചു. ഇത്തരമൊരു റിപ്പോര്‍ട്ട് സംസ്ഥാനത്തിനു ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന ആഭ്യന്തരവകുപ്പ് വൃത്തങ്ങളും പറഞ്ഞു. ഐ.ബി റിപ്പോര്‍ട്ടായി വന്ന വാര്‍ത്തകള്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന മള്‍ട്ടി ഏജന്‍സി കേന്ദ്രവും നിഷേധിച്ചിട്ടുണ്ട്. മാധ്യമ റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതുപോലെ കഴിഞ്ഞ ഒരുമാസത്തിനിടയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രത്യേക സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ല. സാധാരണ രീതിയിലുള്ള വിവരകൈമാറ്റം മാത്രമാണു നടന്നിട്ടുള്ളത്. എന്നാല്‍, ഒറ്റപ്പെട്ട ചില വിധ്വംസകപ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കണ്ണൂരിലെ തടിയന്റവിട നസീറിനെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും അവര്‍ വ്യക്തമാക്കി.

ഏജന്‍സികളുടെ രഹസ്യസ്വഭാവം മുതലെടുത്ത് രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ചുള്ള മാധ്യമ റിപോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തരമന്ത്രി തന്നെ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.