ന്യൂദല്‍ഹി: പശ്ചിമഘട്ട മലനിരകളിലെ വൈവിധ്യത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ കേരളം ദേശീയ ഗ്രീന്‍ട്രൈബ്യൂണലില്‍ സത്യവാങ്മൂലം നല്‍കി.

റിപ്പോര്‍ട്ട് അതേപടി അംഗീകരിക്കാനാവില്ലെന്ന് കേരളം വ്യക്തമാക്കി. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി പ്രാധാന്യ പ്രദേശങ്ങളില്‍ രാസവളങ്ങളും കീടനാശിനകളും നിരോധിക്കണമെന്ന ശുപാര്‍ശ പ്രായോഗികമല്ലെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു.

Ads By Google

റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ഊര്‍ജ പദ്ധതികളേയും കൃഷിയെയും ബാധിക്കുമെന്നാണ് കേരളത്തിന്റെ നിലപാട്. കേരളത്തിന്റെ സത്യവാങ്മൂലം അടുത്തമാസം 13-ന് പരിഗണിക്കും.

മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പദ്ധതികള്‍ക്ക് പരിസ്ഥിതി അനുമതി നല്‍കാവൂയെന്ന് ഗ്രീന്‍ ട്രൈബ്യൂണല്‍

കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.

റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കിയാല്‍ കേരളത്തിലെ പല ജലവൈദ്യുതി പദ്ധതികളും ഉപേക്ഷിക്കേണ്ടിവരും. ഇത് വൈദ്യുതി പ്രതിസന്ധി  രൂക്ഷമാക്കും. പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ രാസവളങ്ങളും, കീടനാശിനികളും പൂര്‍ണമായും നിരോധിച്ച് ജൈവ കൃഷി നടപ്പാക്കണമെന്ന നിര്‍ദേശവും പ്രായോഗികമല്ലെന്നും കേരളം വ്യക്തമാക്കി.

42 പേജ് ദൈര്‍ഘ്യമുള്ള സത്യവാങ്മൂലത്തിലാണ് മാധവ് ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത രാസവളങ്ങളുടെയും കീടനാശിനികളുടെയും നിരോധനത്തിനെതിരെ കേരളം ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്.