എഡിറ്റര്‍
എഡിറ്റര്‍
കാന്തപുരത്തിന്റെ കേരള യാത്ര; സൗദിയില്‍ വിവിധ പരിപാടികള്‍
എഡിറ്റര്‍
Saturday 31st March 2012 1:00pm

മാനവികതയെ ഉണര്‍ത്തുന്നു എന്ന സന്ദേശവുമായി സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ ജന.സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കേരളയാത്രയുടെ പ്രചാരണാര്‍ത്ഥം സൗദിയില്‍ ഐ സി എഫ്, ആര്‍ എസ് സി സംഘടനകള്‍ വിവിധ പരിപാടികള്‍ നടത്തുന്നതായി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

എക്‌സിക്യൂട്ടീവ് കൗണ്‍സിലുകളുടെ ആഭിമുഖ്യത്തില്‍ ദേശീയ തലത്തിലും സോണ്‍, സെന്‍ട്രല്‍, യൂണിറ്റ് തലങ്ങളിലും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു വരികയാണ്. സെമിനാറുകള്‍, മാനവീക സദസ്സ്, ടേബിള്‍ടോക്, കുടുംബ സദസ്സുകള്‍, കുട്ടികളുടെ കൂട്ടായ്മ, എമിനന്റ്‌സ് മീറ്റ്, കൊളാഷ് പ്രദര്‍ശനം, ഡോക്യുമെന്ററി പ്രദര്‍ശനം, സീനിയര്‍ സിറ്റിസണ്‍ മീറ്റ്, സേവനപ്രവര്‍ത്തനങ്ങള്‍, ഐക്യദാര്‍ഢ്യ സമ്മേളനം തുടങ്ങിയ പരിപാടികളാണ് കേരളയാത്രയുടെ സന്ദേശ പ്രചാരണാര്‍ഥം സൗദിയില്‍ നടന്നുവരുന്നത്.

കാന്തപുരത്തിന്റെ കേരള ഏപ്രില്‍ 12ന് കാസര്‍ക്കോട് നിന്ന് ആരംഭിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, എസ്‌വൈഎസ്, എസ്എസ്എഫ്, എസ്എംഎ, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എന്നീ സംഘടനകളുടെ സംയുക്തവേദിയാണ് യാത്ര സംഘടിപ്പിക്കുന്നത്. അന്നേ ദിവസം രാവിലെ ഏഴുമണിക്ക് ഉള്ളാള്‍ മഖാം സിയാറത്തോടെയാണ് തുടക്കം. 10 മണിക്ക് ഔദ്യോഗിക ഉദ്ഘാടനം നടക്കും. കേരളത്തിലെ പതിനാല് ജില്ലകളിലും നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിലുമായി അറുപത്തിയൊന്ന് സ്വീകരണ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. യാത്ര ആയിരത്തിലധികം ഗ്രാമങ്ങളിലൂടെ കടന്നു പോകുന്നുണ്ട്.

ഒരു വ്യാഴവട്ടക്കാലം മുമ്പ് കാന്തപുരം നയിച്ച മനുഷ്യമനസ്സുകളെ കോര്‍ത്തിണക്കുക എന്നപ്രമേയത്തിലധിഷ്ഠിതമായ കേരളയാത്ര സമാപിച്ചപ്പോള്‍ കേരളീയ പശ്ചാത്തലത്തില്‍ രാഷ്ട്രീയ സാമൂഹ്യ രംഗത്ത് ആവേശം പകര്‍ന്നത് അവിസ്മരണീയമാണ്. യാത്രയുടെ ലക്ഷ്യങ്ങളെക്കുറിച്ച് കേരളത്തിലെ സാംസ്‌കാരിക നായകര്‍, ബുദ്ധിജീവികള്‍, പ്രധാന മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുമായി കാന്തപുരം നേരിട്ടുതന്നെ വിവിധ ഘട്ടങ്ങളിലായി ആശയ വിനിമയം നടത്തിയിരുന്നു. യാത്രയുടെ ഭാഗമായി നടന്ന ജില്ലാ മാനവിക സമ്മേളനങ്ങളിലും സെമിനാറുകളിലും ആയിരകണക്കിന് പൊതുജനങ്ങളാണ് ഒഴുകിയെത്തിയത്.

യാത്രയുടെ പ്രചാരണ പരിപാടികളില്‍ ഏറ്റവും ആകര്‍ഷകമായിരുന്നു മഹല്ലു സമ്മേളനങ്ങള്‍. കേരളയാത്രയുടെ സന്ദേശത്തെ താഴെതട്ടില്‍ എത്തിക്കുന്നതോടൊപ്പം മഹല്ലു-പ്രാദേശിക ഇസ്‌ലാമിക ചലനങ്ങളെ കൂടുതല്‍ കാര്യക്ഷമവും സര്‍ഗാത്മകവുമാക്കാന്‍ ഇവ വഴിയൊരുക്കി. വിവിധ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ നടന്ന മാനവിക സമ്മേളനങ്ങള്‍ സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ നേതാക്കളുടെ പ്രാതിനിധ്യം കൊണ്ടും പൊതുജന പങ്കാളിത്തം കൊണ്ടും വന്‍ശ്രദ്ധ പിടിച്ചുപറ്റി. സ്ത്രീകള്‍, കുട്ടികള്‍ എന്നിവരില്‍ പ്രമേയസന്ദേശം എത്തിക്കാനുള്ള പ്രത്യേക പരിപാടികളും അസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു.

ഏപ്രില്‍ 28ന് വൈകുന്നേരം നാലുമണിക്ക് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം നടക്കുന്നത്. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സുന്നി നേതാക്കള്‍ക്കു പുറമെ രാജ്യത്തെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ യാത്രയെ സംബോധന ചെയ്യും. ഏപ്രില്‍ 12 കാസര്‍ക്കോട്, 13 കണ്ണൂര്‍, 14 കണ്ണൂര്‍, വയനാട്, 15 വയനാട്, നീലഗിരി, 16, 17 കോഴിക്കോട്, 18,19,20 മലപ്പുറം, 21 പാലക്കാട്, 22 പാലക്കാട്, തൃശൂര്‍, 23 തൃശൂര്‍, എറണാകുളം, 24 എറണാകുളം, ഇടുക്കി, 25 കോട്ടയം, പത്തനംതിട്ട, 26 ആലപ്പുഴ, 27 കൊല്ലം, 28 തിരുവനന്തപുരം എന്നിങ്ങനെയാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. യാത്രയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഗള്‍ഫ് രാജ്യങ്ങളിലും വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടന്നുവരുന്നു.

Advertisement