എഡിറ്റര്‍
എഡിറ്റര്‍
ജിഷ്ണുവിന്റെ മരണം; കേരളം സാക്ഷ്യം വഹിക്കുന്നത് ചരിത്ര സമരത്തിന്; സമര രംഗത്ത് മൂന്ന് തലമുറയും മൂന്ന് ജനവിഭാഗങ്ങളും
എഡിറ്റര്‍
Saturday 8th April 2017 5:08pm

 

കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ‘കൊലപാതകവുമായി’ ബന്ധപ്പെട്ട് കേരളം സാക്ഷ്യം വഹിക്കുന്നത് ചരിത്ര സമരത്തിന്. മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ കുടുംബം നിരാഹാര സമരത്തിന് ഇറങ്ങിയതോടെയാണ് കേരളം ഇതുവരെ കാണാത്ത സമരമുഖത്തിന് സംസ്ഥാനം സാക്ഷ്യം വഹിച്ചത്.


Also read നെഹ്‌റു കോളേജിന്റെ ഏജന്റാണെന്ന് തെളിയിക്കാന്‍ കഴിയുമെങ്കില്‍ തെളിയിക്കൂ; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ശ്രീജിത്ത്


കുറ്റാരോപിതരെ അറസ്റ്റ് ചെയ്യണമെന്നും, സമരത്തിനെത്തിയ തങ്ങള്‍ക്കെതിരെ അക്രമം അഴിച്ചുവിട്ട പൊലീസിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മൂന്ന് ജനവിഭാഗങ്ങളും മൂന്ന് തലമുറയുമാണ് സമരംഗത്തുള്ളത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും വളയത്തെ വീട്ടിലുമായി നിരാഹാരമനുഷ്ഠിക്കുന്ന ജിഷ്ണുവിന്റെ അച്ഛനും അമ്മയും കുഞ്ഞു പെങ്ങളും അടങ്ങുന്ന ബന്ധുക്കളുടേതാണ് ഒന്നാമത്തെ വിഭാഗം. തലസ്ഥാനത്ത് നിന്ന് മാതാപിതാക്കള്‍ തിരിച്ചെത്തുന്നത് വരെ നിരാഹാരം കിടക്കുകയാണെന്ന് പ്രഖ്യാപിച്ച പതിനഞ്ചുകാരി അവിഷ്ണയ്ക്ക് പിന്തുണയുമായി വളയത്ത് നിരാഹാരമിരിക്കുന്ന നാട്ടുകാരാണ് സമര രംഗത്തിറങ്ങിയ രണ്ടാമത്തെ വിഭാഗം.

തങ്ങളുടെ സഹപാഠിയുടെ മരണത്തിനുത്തരവാദിയായ കോളേജ് അധികൃതര്‍ക്കെതിരെ ശബ്ദമുയര്‍ത്തി തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജ് പരിസരത്ത് സമരമിരിക്കുന്നവര്‍ക്കിടയിലേക്ക് റിലേ നിരാഹാരത്തിന് സന്നദ്ധരായെത്തിയ ജിഷ്ണുവിന്റെ സഹപാഠികള്‍ മൂന്നാമത്തെ വിഭാഗമായി സമരത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്നു.

ജിഷ്ണുവിന്റെ അമ്മയും അച്ഛനും അമ്മാവനും അടങ്ങുന്ന ഒരു തലമുറ തലസ്ഥാനത്ത് സമരംഗത്ത് ആദ്യമിറങ്ങിയപ്പോള്‍ വളയത്തെ വീട്ടില്‍ നിരാഹാരമിരിക്കുന്ന അവിഷ്ണയും അവിഷ്ണയോടൊപ്പം സമരം ആരംഭിച്ച വീട്ടിലെ മുതിര്‍ന്നവരുമാണ് മറ്റു രണ്ടു തലമുറകള്‍.

നാലാം ദിവസത്തിലേക്ക് തലസ്ഥാനത്തെ സമരവും മൂന്നാം ദിനത്തിലേക്ക് വളയത്തെ സമരവും കടന്നിട്ടും പരിഹാരത്തിനായി ജിഷ്ണുവിന്റെ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തയ്യാറാകുന്നുണ്ടോയെന്ന കാര്യം സംശയകരമാണ്. മരണത്തിന് ശേഷം ഇന്നുവരെയുള്ള ദിവസങ്ങളില്‍ സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെട്ടെന്നുള്ള വാദങ്ങള്‍ തള്ളിക്കളാന്‍ ജിഷ്ണുവിന്റെ കുടുംബം വരെ തയ്യാറായിട്ടില്ല.

എന്നിരുന്നാലും തലസ്ഥാനത്ത് നിരാഹാരമിരിക്കുന്ന കുടുംബത്തെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല എന്നത് കാണാതിരിക്കാന്‍ കഴിയുകയില്ല. ഇന്നു രാവിലെ മാതൃഭൂമി ചാനലില്‍ വാര്‍ത്താ അവതാരകന്റെ ചോദ്യങ്ങളോട് പ്രതികരിച്ചപ്പോള്‍ മഹിജ പങ്കുവെച്ചതും ഈ കാര്യം തന്നെയായിരുന്നു. ”ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പിണറായി സാര്‍ ഇങ്ങനെ പറഞ്ഞല്ലോ എന്നതില്‍ സങ്കടമുണ്ട്. എല്ലാവരും തങ്ങളുടെ സങ്കടങ്ങള്‍ കാണുന്നുണ്ട് ജനങ്ങളും മാധ്യമങ്ങളുമെല്ലാം എന്നിട്ടും ഈ ഗവണ്‍മെന്റ് എന്തേ കാണുന്നില്ല ? ഇതുവരെ ഈ അമ്മയോട് ഫോണ്‍ ചെയ്ത് വരെ അന്വേഷിക്കാതെ കാര്യങ്ങള്‍ പറയുന്നത് ശരിയല്ല’ എന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ പത്ര പരസ്യവുമായി ബന്ധപ്പെട്ട ചോദ്യത്തോട് മഹിജയുടെ പ്രതികരണം.


Dont miss ഉള്ളിയാണെന്നു പറഞ്ഞ് ബീഫ് തിന്നുന്ന ഇരട്ടത്താപ്പാണ് ബി.ജെ.പിക്ക്: വി.എസ്


ജിഷ്ണുവിന്റെ കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഉണ്ടാകാത്ത തരത്തിലുള്ള ജനവികാരമാണ് സംസ്ഥാനത്തുയര്‍ന്ന് വരുന്നത് എന്ന ബോധത്തില്‍ തന്നെയാണ് കേസുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചുകൊണ്ട് പത്രപരസ്യം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായത്.

സത്യങ്ങളെ തമസ്‌കരിച്ചു കൊണ്ടുള്ള പ്രചരണങ്ങളാണ് നടക്കുന്നതെന്ന് പറഞ്ഞ് തുടങ്ങുന്ന പരസ്യത്തില്‍ കേസില്‍ നടക്കുന്നപ്രചരണങ്ങളും സത്യാവസ്ഥയുമാണ് പി.ആര്‍.ഡി വകുപ്പ് വിവരിക്കുന്നത്. ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരെ നടപടിയുണ്ടായിട്ടില്ലെന്ന് കാട്ടി ഇന്നലെ ഐ.ജി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡി.ജി.പി തള്ളുകയും പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത സമയത്ത് നുഴഞ്ഞ് കയറ്റക്കാര്‍ക്കെതിരെ മാത്രമാണ് പൊലീസ് നടപടി സ്വീകരിച്ചതെന്ന പരസ്യം അനവസരത്തില്‍ അല്ലേയെന്ന സംശയം ഉണര്‍ത്തുന്നതുമാണ്.

Advertisement