തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യമന്ത്രി വയലാര്‍ രവി തിരുവനന്തപുരം വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുന്നതിനോട് സംസ്ഥാന സര്‍ക്കാറിന് എതിര്‍പ്പ്. ടെര്‍മിനല്‍ ഉദ്ഘാടകനായി പ്രധാനമന്ത്രിയെ തന്നെ നിശ്ചയിക്കണമെന്ന് കാണിച്ച് കേരളം വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചിരിക്കയാണ്.

ജൂലൈ 14ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സാന്നിധ്യത്തില്‍ വിദേശകാര്യമന്ത്രി വയലാര്‍ രവിയെക്കൊണ്ട് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യിക്കാനാണ് വ്യോമയാന മന്ത്രാലയം തീരുമാനിച്ചത്. എന്നാല്‍ 2006ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങാണ് പദ്ധതിയുടെ തറക്കല്ലിട്ടതെന്നും അതിനാല്‍ പ്രധാനമന്ത്രി തന്നെയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കേണ്ടതെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ വ്യോമയാന മന്ത്രാലയത്തിന് നല്‍കിയ കത്തില്‍ പറയുന്നത്. മാത്രമല്ല ജുലൈ 14ന് മുഖ്യമന്ത്രിക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും അതിനാല്‍ ഉദ്ഘാടനം മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും പറഞ്ഞിട്ടുണ്ട്.

ഉദ്ഘാടകനായി വരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ഇന്ന് ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍ തനിക്ക് പങ്കെടുക്കാനാകില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഒരേ സമയത്ത് 800 യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ ശേഷിയുള്ളതാണ് തിരുവനന്തപുരത്തെ ടര്‍മിനല്‍.