എഡിറ്റര്‍
എഡിറ്റര്‍
മറാഠികളെ പട്ടികവര്‍ഗ ലിസ്റ്റില്‍ നിന്ന് പുറത്താക്കണമെന്ന് കേരളം
എഡിറ്റര്‍
Saturday 23rd November 2013 12:55pm

kasargod

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ മറാഠികളെ പട്ടികവര്‍ഗ ലിസ്റ്റില്‍ നിന്നും പുറത്താക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പട്ടികവര്‍ഗമന്ത്രാലയം ഡയറക്ടര്‍ക്കാണ് കത്തയച്ചിരിക്കുന്നത്.

മറാഠി സമൂഹം ഒറ്റപ്പെടല്‍ അനുഭവിക്കുന്നില്ലെന്നും അവര്‍ക്ക് ഒരുതരത്തിലുമുള്ള പ്രാകൃതാവസ്ഥയില്ലെന്നും കത്തില്‍ പറയുന്നു. 2002 ല്‍ മറാഠികളെ പട്ടികവര്‍ഗവിഭാഗത്തില്‍നിന്ന് പുറത്താക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ അന്നത്തെ സംസ്ഥാനസര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനോട് നിയമം ഭേദഗതി ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന്  സപ്തംബര്‍ 18ന് കേന്ദ്രസര്‍ക്കാര്‍ മറാഠികളെ പട്ടികവര്‍ഗവിഭാഗത്തില്‍പ്പെടുത്തി.

ഇതിനിടയിലാണ് വീണ്ടും കേരളം തീരുമാനത്തിനെതിരെ രംഗത്തെത്തിയത്. മറാഠികളെ പട്ടികവര്‍ഗത്തില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് കിട്ടിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ യോഗം പുതിയ തീരുമാനം കൈക്കൊണ്ടതെന്ന് ജോ. സെക്രട്ടറി എസ്.യു.രാജീവ് പറഞ്ഞു.

സംസ്ഥാനസര്‍ക്കാറിന്റെ ഔദ്യോഗിക ഏജന്‍സിയായ ‘കിര്‍ത്താഡ്‌സ്’റിപ്പോര്‍ട്ട് പ്രകാരം പട്ടികവര്‍ഗത്തില്‍പ്പെടുത്താനുള്ള അടിസ്ഥാനയോഗ്യത മറാഠികള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement