തിരുവനന്തപുരം: കേരള സര്‍വ്വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനം ലോകായുക്ത റദ്ദാക്കി. അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തില്‍ വന്‍അഴിമതിയും സ്വജനപക്ഷപാതവും നടന്നതായി ചൂണ്ടിക്കാട്ടിയാണ് നിയമനം റദ്ദാക്കിയത്. ക്രമക്കേടുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സിലര്‍ക്കും പ്രോവൈസ്ചാന്‍സിലര്‍ക്കുമെതിരെ നിയമ നടപടിക്കും ലോകായുക്ത ശുപാര്‍ശ ചെയ്തിട്ടുണ്ട്.

സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളായ എ.എ റഷീദ്, എം.പി റസല്‍, കെ.എ ആന്‍ഡ്രൂ, ബി.എസ് രാജീവ് എന്നിവര്‍ക്കെതിരെ നടപടിയെടുക്കാനും ലോകായുക്ത  ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍വ്വകലാശാല രജിസ്ട്രാര്‍ക്ക് ഈ നിയമനങ്ങളില്‍ പങ്കുണ്ട്. അദ്ദേഹത്തിനെതിരെയും നടപടിയെടുക്കണം. അന്നത്തെ അപേക്ഷകര്‍ക്കായി പുതിയ പരീക്ഷ നടത്തണമെന്നും ലോകായുക്ത നിര്‍ദ്ദേശം നല്‍കി. നേരത്തെ നടത്തിയ പരീക്ഷയുടെ ഉത്തരപേപ്പറുകള്‍ നശിപ്പിക്കപ്പെടുകയോ കാണാതെ വയ്ക്കുകയോ ചെയ്തിട്ടുണ്ടെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി.

Subscribe Us:

സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് പരീക്ഷയുടെ 40,000 പേപ്പറുകള്‍ കാണാതായത് നേരത്തെ വാര്‍ത്തയായിരുന്നു.

അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തില്‍ ക്രമക്കേട് നടന്നതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് 2008ല്‍ തന്നെ പരീക്ഷ റദ്ദാക്കാനും വീണ്ടും നിയമനം നടത്താനും ലോകായുക്ത ഉത്തരവിട്ടിരുന്നു. എന്നാല്‍ ലോകായുക്ത ഉത്തരവിനെതിരെ കേരള സര്‍വ്വകലാശാല ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് ഒരു സമിതിയെ നിയോഗിച്ചു.

ഈ സമിതി അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തില്‍ ക്രമക്കേട് നടന്നതായി ചൂണ്ടിക്കാട്ടി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രമക്കേടുമായി ബന്ധപ്പെട്ട എല്ലാവരേയും ഉള്‍പ്പെടുത്തി വീണ്ടും കേസ് പരിഗണിക്കണമെന്ന് ലോകായുക്തയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇതിനെ തുടര്‍ന്നാണ് ലോകായുക്തയുടെ നടപടി.

Malayalam news

Kerala news in English