kerala-univercityതിരുവനന്തപുരം: കേരള സര്‍വ്വകലാശാല അസിസ്റ്റന്റ് ഗ്രേഡ് പരീക്ഷ ക്രമക്കേടുകളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതുസംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു.

2006ല്‍ നടന്ന പരീക്ഷയും നിയമനവുമാണ് വിവാദമായത്. എഴുത്ത് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചവര്‍ക്ക് അഭിമുഖത്തില്‍ കുറഞ്ഞ മാര്‍ക്ക് ലഭിക്കുകയായിരുന്നു. പരീക്ഷയിലും അഭിമുഖത്തിലും ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിനും ഇടത് അധ്യാപക സംഘടകള്‍ക്കും ക്രമക്കേടില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നു.

തുടര്‍ന്ന് ലോകായുക്ത ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തി. നിയമനം പി.എസ്.സിക്ക് വിടാനും ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കാനും ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇടത് സര്‍ക്കാര്‍ നിയമനം പി.എസ്.സിക്ക് വിട്ടെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നില്ല.

സംഭവവുമായി ബന്ധപ്പെട്ട് നാല്‍പതിനായിരം ഉത്തരപ്പേപ്പറുകള്‍ കാണാതായിരുന്നു. ഇതെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കും. സര്‍വകലാശാല നടപടികളില്‍ അഴിമതിയും രാഷ്ട്രീയ ഇടപെടലുകളും നടന്നതായി ഉപലോകായുക്ത നിരീക്ഷിച്ചിരുന്നു. വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍, സെലക്ഷന്‍ കമ്മിറ്റിയിലുണ്ടായിരുന്ന സെനറ്റംഗങ്ങളായ നാല് പേരും കുറ്റക്കാരണെന്നും ഉപലോകായുകത കണ്ടെത്തിയിരുന്നു.