എഡിറ്റര്‍
എഡിറ്റര്‍
കേരള ടൂറിസത്തിന്റെ ഗ്രേറ്റ് ബാക്ക് വാട്ടേഴ്‌സ് പ്രചാരണത്തിന് ടൂറിസം ‘ഓസ്‌കാര്‍’
എഡിറ്റര്‍
Saturday 8th March 2014 4:58pm

golden-City-Gate-top-award

തിരുവനന്തപുരം: ഐ.ടി.ബി- ബെര്‍ലിന്റെ ഗോള്‍ഡന്‍ സിറ്റി ഗേറ്റ് സുവര്‍ണ പുരസ്‌കാരത്തിന് കേരള ടൂറിസം അര്‍ഹമായി. കേരളത്തിന്റെ കായല്‍ സൗന്ദര്യത്തെ കൂടുതല്‍ ആളുകളിലെത്തിക്കുന്നതിനായി അച്ചടിമാധ്യമങ്ങളിലൂടെ നടത്തിയ ‘ഗ്രേറ്റ് ബാക്ക് വാട്ടേഴ്‌സ് കാമ്പയ്ന്‍’ ആണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

ടൂറിസം കമ്മ്യൂണിക്കേഷന്‍ രംഗത്തെ ഓസ്‌കാര്‍ എന്നാണ് ഐ.ടി.ബി- ബെര്‍ലിന്റെ ഗോള്‍ഡന്‍ സിറ്റി ഗേറ്റ് സുവര്‍ണ പുരസ്‌കാരം അറിയപ്പെടുന്നത്. ജര്‍മന്‍ ഫെഡറല്‍ അസോസിയേഷന്‍ ഓഫ് ഫിലിം ആന്‍ഡ് ഓഡിയോ വിഷ്വല്‍ പ്രൊഡ്യൂസേഴ്‌സിന്റെ മേല്‍നോട്ടത്തിലാണ് ഈ പുരസ്‌കാരം നല്‍കുന്നത്.

ചൈനയിലെ വന്‍മതിലിനും ആസ്‌ട്രേലിയയിലെ പവിഴപ്പുറ്റുകള്‍ക്കും ഒപ്പം നില്‍ക്കാവുന്ന ഒന്നായി കേരളത്തിലെ കായല്‍ സൗന്ദര്യത്തെ അവതരിപ്പിക്കുന്ന പ്രചാരണമായിരുന്നു ഈ വര്‍ഷം കേരള ടൂറിസം ആഗോളതലത്തില്‍ നടത്തിയത്.

കേരളത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേയറ്റം വരെ നീണ്ടുകിടക്കുന്ന കായല്‍പ്പരപ്പിനെ ഒറ്റ ലക്ഷ്യസ്ഥാനമാക്കിയും സഞ്ചാരികള്‍ ഒരു തവണയെങ്കിലും അനുഭവിച്ചിരിക്കേണ്ട ഒന്നാക്കിയും ചിത്രീകരിക്കുന്നതായിരുന്നു ‘ഗ്രേറ്റ് ബാക്ക് വാട്ടര്‍ കാമ്പയ്ന്‍’.

ലോകത്ത് കണ്ടിരിക്കേണ്ട 133 ഇടങ്ങളില്‍ അറുപതാമതായി കേരളത്തിന്റെ കായല്‍ സൗന്ദര്യത്തെ നാഷണല്‍ ജ്യോഗ്രഫിക് ട്രാവലര്‍  അടയാളപ്പെടുത്തിയിരുന്നു.

ലോകത്തെ ഏറ്റവും വലിയ ട്രാവല്‍ ട്രേഡ് ഷോയില്‍ ലഭിച്ച ഈ അംഗീകാരം വലിയൊരു ബഹുമതിയായി കാണുന്നുവെന്ന് കേരള ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു. ലോകത്തെ പ്രധാന ലക്ഷ്യസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിന്റെ കായല്‍ സൗന്ദര്യത്തിനും ശ്രദ്ധേയമായ ഇടം ലഭിച്ചതിന്റെ സൂചനയാണ് ഈ പുരസ്‌കാരമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ പുരസ്‌കാരം ലോകത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ക്കിടയില്‍ കേരളത്തിന് മികച്ച സ്ഥാനം നേടിത്തരാന്‍ ഉപകരിക്കുന്ന ഒന്നാണെും ആഗോള ടൂറിസം ഭൂപടത്തില്‍ കേരളത്തിലെ കായലുകളുടെ പ്രാധാന്യമാണ് ഇത് തെളിയിക്കുതെന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ടൂറിസം സെക്രട്ടറി സുമന്‍ ബില്ല പറഞ്ഞു.

സംസ്ഥാനത്തിന്റെ വിശാലമായ ടൂറിസം സാധ്യതകള്‍ പ്രദര്‍ശിപ്പിക്കുതില്‍ ടൂറിസം വകുപ്പ് നടത്തിവരുന്ന പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് ടൂറിസം ഡയറക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു.

ഐടിബി ബെര്‍ലിനില്‍ കായല്‍ വിഷയമാക്കി കേരളം സജ്ജീകരിച്ച സ്റ്റാള്‍ ആയിരക്കണക്കിനു സന്ദര്‍ശകരെ ആകര്‍ഷിച്ചിരുന്നു. വീതികുറഞ്ഞ വെള്ളം നിറഞ്ഞ തോടും നാടന്‍ വള്ളങ്ങളും  നടപ്പാലവും മറ്റും ക്രമീകരിച്ച പവലിയനാണ് ബര്‍ലിനില്‍ കേരള ടൂറിസം  ഒരുക്കിയത്.

സുമന്‍ ബില്ലയുടെ നേതൃത്വത്തില്‍ അബാദ് ഹോട്ടല്‍സ്, കോക്കനറ്റ് ബേ, ഡ്യൂ ഇക്കോ ഗ്രൂപ്പ്, കുമരകം ലേക്ക് റിസോര്‍ട്ട്,  ഈസ്‌റ്റേണ്‍ ഹോട്ട ല്‍സ് ആന്‍ഡ് റിസോര്‍ട്‌സ്, നീലേശ്വര്‍ ഹെര്‍മിറ്റേജ്, നിക്കീസ് നെസ്റ്റ്, പൂവാര്‍ ഐലന്‍ഡ് റിസോര്‍ട്ട്, തോമസ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സ്, ഉദയസമുദ്ര ലെഷര്‍ ബീച്ച് ഹോട്ടല്‍ ആന്‍ഡ് സ്പാ, ദ്രവീഡിയന്‍ ട്രയല്‍സ്, ജയശ്രീ ട്രാവല്‍ ആന്‍ഡ് ടൂര്‍സ്, ഇന്റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, സ്‌പൈസ്‌ലാന്‍ഡ് ഹോളിഡേയ്‌സ്, ദി ട്രാവല്‍ പ്ലാനേഴ്‌സ്, കര്‍ണോസ്റ്റി ആയുര്‍വേദ ആന്‍ഡ് വെല്‍നസ് റിസോര്‍ട്ട്, കൈരളി ആയുര്‍വേദിക് ഹെല്‍ത്ത് റിസോര്‍ട്ട്, നാട്ടിക ബീച്ച് ആയുര്‍വേദ റിസോര്‍ട്ട്, വൈദ്യ സൂത്രാസ് എന്നീ 19 സഹപ്രദര്‍ശകരും മേളയില്‍ പങ്കെടുത്തു.

1966ല്‍ തുടങ്ങിയ ഐടിബി ബെര്‍ലിന്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിക്കുന്ന ലോകത്തെ ഏറ്റവും വലിയ ട്രാവല്‍ ട്രേഡ് ഷോയാണ്. 180 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഈ പ്രദര്‍ശനം ഈ വര്‍ഷം 113000 വ്യാപാരസന്ദര്‍ശകര്‍ ഉള്‍പ്പെടെ 180000 പേരെ ആകര്‍ഷിക്കുമെന്നാണ് കരുതുത്. മാര്‍ച്ച് 9നാണ് പ്രദര്‍ശനം സമാപിക്കുക.

Advertisement