Categories

ഗുജറാത്തിന്റെ ബച്ചനെ കേരളത്തിന് വേണ്ട: സി പി ഐ എം

ന്യൂദല്‍ഹി: ഗുജറാത്ത് സര്‍ക്കാറിന്റെ അംബാസിഡറായ ഒരാളെ കേരള സര്‍ക്കാറിന്റെ അംബാസിഡറാക്കില്ലെന്ന് സി പി ഐ എം നേതാവ് സീതാറാം യെച്ചൂരി. ബോളിവുഡ് താരം അമിതാഭ് ബച്ചനെ കേരള ടൂറിസത്തിന്റെ ബ്രാന്റ് അംബാസിഡറാക്കാനുള്ള തീരുമാനത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി പി ഐ എം ശക്തമായ എതിര്‍പ്പുന്നയിച്ച സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങുമെന്നാണ് അറിയുന്നത്. ഗുജറാത്ത് സര്‍ക്കാറിന്റെ അംബാസിഡറായിരുന്ന അമിതാഭ് ബച്ചന്‍ ഗുജറാത്ത് കലാപത്തിന്റെ സൂത്രധാരനായി വിശേഷിപ്പിക്കപ്പെടുന്ന നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിച്ച് സംസാരിച്ചിരുന്നത് സി പി ഐ എം ചൂണ്ടിക്കാണിക്കുന്നുണ്ട്.

അമിതാഭ് ബച്ചനെ ബ്രാന്റ് അംബാസിഡറാക്കുന്നതിന് മുമ്പ് പാര്‍ട്ടി, സര്‍ക്കാര്‍ തലങ്ങളില്‍ വിശദമായ ചര്‍ച്ച നടത്തേണ്ടിയിരുന്നുവെന്ന് സി പി ഐ എം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. നരേന്ദ്ര മോഡിയെ പുകഴ്ത്തിയതിനാണ് അബ്ദുല്ലക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ഈ സാഹചര്യത്തില്‍ അമിതാഭ് ബച്ചനെ അംബാസിഡറാക്കുന്നത് പാര്‍ട്ടിക്ക് ദോഷകരമാവുമെന്നും നേതാക്കള്‍ പറയുന്നു.

ബ്രാന്റ് അംബാസിഡറാകുന്നതിന് അമിതാഭ് ബച്ചന്‍ ചോദിക്കുന്ന പ്രതിഫലത്തുക അധികമാണെന്ന് പറഞ്ഞ് നീക്കത്തില്‍ നിന്ന് തലയൂരാനാണ് സര്‍ക്കാര്‍ ശ്രമം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.