കൊച്ചി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആന്ധ്രയ്‌ക്കെതിരെ കേരളത്തിന് ത്രസിപ്പിക്കുന്ന വിജയം. ഒരു വിക്കറ്റിന്റെ അകലെ മാത്രം അവശേഷിച്ചിരുന്ന വിജയം ഇന്നു കളി പുനരാരംഭിച്ചപ്പോള്‍ ആദ്യ ഓവറിലെ നാലാംപന്തില്‍ കേരളത്തിനു വേണ്ടി സോണി ചെറുവത്തൂര്‍ ആന്ധ്രയുടെ അവസാന വിക്കറ്റും വീഴ്ത്തി ഉറപ്പിക്കുകയായിരുന്നു. സോണി ചെറുവത്തൂര്‍ ഈ മത്സരത്തിലെ രണ്ടിന്നിംഗ്‌സുകളില്‍ നിന്നുമായി ഒന്‍പതു വിക്കറ്റ് വീഴ്ത്തി.

വെളിച്ചക്കുറവു മൂലം ഇന്നലെ നേരത്തെ കളി അവസാനിച്ചപ്പോള്‍ ഒന്‍പതിനു 185 എന്ന നിലയിലായിരുന്നു ആന്ധ്ര. ജയിക്കാന്‍ 188 റണ്‍സാണു വേണ്ടിയിരുന്നത്. മൂന്നു റണ്‍സ് മാത്രം അവശേഷിക്കേയാണ് ഇന്നലെ കളി അവസാനിപ്പിച്ചത്. കേരളം ആദ്യ ഇന്നിംഗ്‌സില്‍ 130ഉം രണ്ടാം ഇന്നിംഗ്‌സില്‍ 131 ഉം റണ്‍സ് നേടി.

ഒന്‍പതാം  വിക്കറ്റ് 159 റണ്‍സില്‍ നഷ്ടമായ ശേഷവും അവസാന വിക്കറ്റില്‍ ആന്ധ്ര പൊരുതി 185 റണ്‍സിലെത്തിക്കുകയായിരുന്നു. കേരളത്തിനായി പി.പ്രശാന്തും റൈഫി വിന്‍സെന്റ് ഗോമസും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ഇന്നിങ്‌സില്‍ ആന്ധ്രയുടെ ആറു വിക്കറ്റു പിഴുത സോണി ചെറുവത്തൂര്‍ രണ്ടാം ഇന്നിങ്‌സില്‍ രണ്ടു വിക്കറ്റ് നേടി. ഇന്നലെ രാവിലെ ഏഴിന് 81 എന്ന നിലയില്‍ രണ്ടാം ഇന്നിങ്‌സ് തുടര്‍ന്ന കേരളത്തിന് അന്‍പതു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനേ കഴിഞ്ഞുള്ളൂ.

സോണി (23), അക്ഷയ് കോടോത്ത് (30) എന്നിവരായിരുന്നു ഭേദപ്പെട്ട സംഭാവന നല്‍കിയത്. ശങ്കര്‍ റാവു നാലും ഷഹാബുദ്ദീന്‍ മൂന്നും വിക്കറ്റെടുത്തു. ബോളിങ്ങിനെ തുണയ്ക്കുന്ന വിക്കറ്റില്‍ 188 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ആന്ധ്ര കരുതലോടെയാണു തുടങ്ങിയത്. ആദ്യ വിക്കറ്റ് വീണത് സ്‌കോര്‍ 24 ല്‍ എത്തിയപ്പോഴാണ്. പക്ഷെ പിന്നീട് അധികം പിടിച്ചുനില്‍ക്കാന്‍ ആന്ധ്രന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല.

ഓപ്പണര്‍ വടേക്കറും (33) മധ്യനിരയില്‍ സുമന്തും (55) വന്‍തകര്‍ച്ച ഒഴിവാക്കിയതോടെ ആന്ധ്രയ്‌യ്ക്കു പ്രതീക്ഷ ഉയര്‍ന്നു. മല്‍സരത്തിലെ ഏക അര്‍ധ സെഞ്ചുറി നേടിയ സുമന്തിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയ സോണി ചെറുവത്തൂരാണു കേരളത്തെ മല്‍സരത്തിലേക്കു മടക്കിക്കൊണ്ടു വന്നത്.
Malayalam news

Kerala news in English