എഡിറ്റര്‍
എഡിറ്റര്‍
സന്തോഷ് ട്രോഫിയില്‍ കേരളം പുറത്ത്
എഡിറ്റര്‍
Saturday 26th May 2012 8:22am

കട്ടക്: ബരാബതി സ്‌റ്റേഡിയത്തില്‍ ഏറെ പ്രതീക്ഷയില്‍ ഇറങ്ങിയ കേരള ടീം 66ാമത് സന്തോഷ്ട്രോഫി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ തോറ്റു പുറത്തായി. സര്‍വീസസിനു മുന്നില്‍ കേരള ടീം ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അടിയറവ് പറഞ്ഞത്.

കളിയില്‍ വ്യക്തമായ മേധാവിത്വം കാട്ടിയിട്ടും അവസരങ്ങള്‍ ഗോളിലേക്കെത്തിക്കാന്‍ കഴിയാതെ പോയതാണ് ജോബി ജോസഫ് നയിച്ച കേരളത്തിന് വിനയായത്.
ക്വാര്‍ട്ടര്‍ ലീഗില്‍ കരുത്തരായ മഹാരാഷ്ട്രയെയും പഞ്ചാബിനെയും കീഴടക്കുകയും ബംഗാളിനെ ഗോള്‍രഹിത സമനിലയില്‍ തളക്കുകയും ചെയ്ത കേരളത്തിന് സെമിയില്‍ സര്‍വീസസിനെ വെല്ലാന്‍ കഴിഞ്ഞില്ല.

എന്നാല്‍ അവസരങ്ങള്‍ മുതലെടുത്തായിരുന്നു മലയാളിയായ സുജിത്കുമാര്‍ പരിശീലിപ്പിച്ച സര്‍വീസസിന്റെ കളി. ഇന്ന് മണിപ്പൂരും തമിഴ്‌നാടും തമ്മിലുള്ള രണ്ടാം സെമിഫൈനല്‍ വിജയികളാണ് ഫൈനലില്‍ സര്‍വീസസിന്റെ എതിരാളികള്‍.

കേരളത്തിനെതിരെ വീണ രണ്ടാം ഗോള്‍ ഫലത്തില്‍ സെല്‍ഫ് ഗോളായിരുന്നു എന്നതാണ് ഏറെ വേദനാജനകം. ഇതു കുറിക്കപ്പെട്ടതു പക്ഷേ, സര്‍വീസസിന്റെ മലയാളി താരം പി.എസ്. സുമേഷിന്റെ പേരിലാണ്. അഞ്ച്, 50 മിനിറ്റുകളിലായിരുന്നു സര്‍വീസസിന്റെ ഗോളുകള്‍. കേരളത്തിന്റെ ആശ്വാസഗോള്‍ പകരക്കാരനായി ഇറങ്ങിയ വിനീത് ആന്റണി 80ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ നേടി.

കളിയുടെ ആദ്യ പത്ത് മിനിറ്റിലൊഴികെ ബാക്കി 80 മിനിറ്റും കേരളം വ്യക്തമായ മേധാവിത്വം കാട്ടിയിരുന്നു. എന്നാല്‍, തുടക്കത്തിലെ അലസതയില്‍ അഞ്ചാം മിനിറ്റില്‍തന്നെ ഗോള്‍ വഴങ്ങിയത് കേരള പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി.

രണ്ടാം പകുതി അക്ഷരാര്‍ഥത്തില്‍ കേരളത്തിന്റേതായിരുന്നു. ദിലീപ്, സുമേഷ്, ഫര്‍ഹത്ത് തുടങ്ങി അഞ്ചു മലയാളി താരങ്ങളില്‍ നാലുപേരെയും പ്ലേയിങ് ഇലവനിലിറക്കി കേരളത്തെ എതിരിട്ട സര്‍വീസസ് പ്രതിരോധ തന്ത്രങ്ങളിലേക്ക് പിന്മാറി. എന്നാല്‍, 50ാം മിനിറ്റില്‍ ഒറ്റപ്പെട്ട നീക്കത്തില്‍ കേരള ഡിഫന്‍ഡര്‍ മര്‍സൂഖിന്റെ പേരില്‍ കുറിക്കപ്പെട്ട സെല്‍ഫ് ഗോള്‍ അപ്രതീക്ഷിതമായി സര്‍വീസസിന്റെ ലീഡുയര്‍ത്തി.

തിരിച്ചടിക്കാന്‍ കേരളത്തിനു മികച്ചൊരു അവസരം കൈവന്നത് ആദ്യ പകുതിയുടെ 32-ാം മിനിറ്റിലാണ്. പക്ഷേ കണ്ണന്റെ ബുള്ളറ്റ് ഷോട്ട് ഗോളി നാനോ സിങ് പറന്നുയര്‍ന്നു തട്ടിയകറ്റി. ആദ്യപകുതിയുടെ അവസാന നിമിഷങ്ങളില്‍ ഉസ്മാന്‍ മികച്ചൊരു അവസരം പാഴാക്കി.

റാസിക്ക് പകരക്കാരനായാണു വിനീത് കളത്തിലെത്തിയത്. മുന്നേറ്റനിരയില്‍ പകരക്കാരനായി ഇറങ്ങിയ സി. നസിറുദ്ദീനെ ഗോളി ബോക്‌സില്‍ വീഴ്ത്തിയതിനു ലഭിച്ച പെനല്‍റ്റിയാണു വിനീത് ഗോളാക്കിയത്. സന്തോഷ് ട്രോഫിയില്‍ സര്‍വീസസിനെതിരെ 11 തവണ മുഖാമുഖം കണ്ട കേരളം അഞ്ചാം തവണയാണ് തോല്‍വി വഴങ്ങുന്നത്. രണ്ടു മത്സരങ്ങളില്‍ മാത്രമാണ് കേരളം വിജയിച്ചത്.

Advertisement