തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട സരോജിനി ബാലാനന്ദന്‍ സമ്മേളന വേദിയില്‍ പൊട്ടിക്കരഞ്ഞു. സംസ്ഥാന സമ്മേളന വേദിയില്‍ നിന്നും അവര്‍ നാട്ടിലേക്ക് തിരിച്ചു. അന്തരിച്ച ഇ.ബാലാനന്ദന്റെ ഭാര്യയാണ് സരോജിനി ബാലാനന്ദന്‍. സംസ്ഥാന സമിതിയില്‍ നിന്ന് ഏഴ് പേരെ ഒഴിവാക്കിയിട്ടുണ്ട്. സരോജിനി ബാലാനന്ദന്‍, കെ മാമുക്കുട്ടി, എം. കേളപ്പന്‍, പി.ആര്‍. രാജന്‍, സി.ഒ പൗലോസ് എന്നിവരാണ് ഒഴിവാക്കപ്പെട്ട അഞ്ച് പേര്‍. മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. എന്നാല്‍ താന്‍ കരഞ്ഞത് അന്തരിച്ച ഇ.ബാലാനന്ദനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കാരണമാണെന്നാണ് സരോജിനി വിശദീകരിച്ചത്.

സി.ബി.ചന്ദ്രബാബു, എ.സി.മൊയ്തീന്‍, സി.കെ.രാജേന്ദ്രന്‍, പി.പി.വാസുദേവന്‍ എന്നീ നാലു ജില്ലാ സെക്രട്ടറിമാരെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തി. ടി.വി.രാജേഷ് , ജെയിംസ് മാത്യു, കെ.വി.രാമകൃഷ്ണന്‍, പി.കെ.ബിജു, കോലിയക്കോട് കൃഷ്ണന്‍ നായര്‍, കെ.പി.മേരി, എ.പ്രദീപ് കുമാര്‍ തുടങ്ങിയവരും പുതിയ സമിതിയില്‍ ഇടം നേടി.

85 പേരടങ്ങുന്ന സംസ്ഥാന കമ്മിറ്റിയിലേക്കുള്ള ഔദ്യോഗിക പാനല്‍ പിണറായി വിജയന്‍ അവതരിപ്പിച്ചു. നിലവിലെ കമ്മിറ്റിയില്‍ നിന്ന് അച്ചടക്ക നടപടിക്ക് വിധേയരായി സി.കെ.പി. പത്മനാഭനും പി. ശശിയും പുറത്തായിരുന്നു.

ലാവലിന്‍ വിഷയത്തില്‍ ഇ. ബാലാനന്ദന്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് കത്തയച്ചത് വാര്‍ത്തയായിരുന്നു. ബാലാനന്ദന്റ മരണ ശേഷം സരോജിനി ബാലാനന്ദന്റെ ഇതു സംബന്ധിച്ച പ്രതികരണവും ശ്രദ്ധേയമായിരുന്നു. ലാവലിന്‍ വിഷയത്തില്‍ ബാലാനന്ദന്‍ കത്തയച്ചിട്ടില്ലെന്ന പി.ബി നിലപാട് ശരിയാണെന്ന് അവര്‍ നേരത്തെ പറഞ്ഞിരുന്നു.

ബാലാനന്ദന്‍ കത്തെഴുതിയോ ഇല്ലയോ എന്നെനിക്കറിയില്ല. കാരാട്ട് പറയുന്നത് കത്തെഴുതിയിട്ടില്ലെന്നാണ്. കാരാട്ടിന്റെ വാക്കുകള്‍ ഞാന്‍ വിശ്വസിക്കുന്നുവെന്നായിരുന്നു സരോജിനിയുടെ പ്രതികരണം. ലാവലിന്‍ കേസ് പാര്‍ട്ടിയുടെ മുഖം നഷ്ടടപ്പെടുത്തിയെന്ന് കാണിച്ച് ബാലാനന്ദന്‍ കാരാട്ടിന് കത്തയച്ചിരുന്നുവെന്ന് ജനശക്തി വാരികയാണ്  റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നത്.