തിരുവനന്തപുരം: പ്രഥമ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ ഗോള്‍കീപ്പറും മലയാളിയുമായ പി.ആര്‍. ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് കായികമന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ .

ശ്രീജേഷിനൊപ്പം ടീം മാനേജരും മലയാളിയുമായ രമേശിന് 50,000 രൂപയും നല്‍കുമെന്ന് ശ്രീജേഷിന് തിരുവനന്തപുരത്ത് നല്‍കിയ സ്വീകരണത്തില്‍ സംബന്ധിച്ച് സംസാരിക്കവേ മന്ത്രി അറിയിച്ചു.

പ്രഥമ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് ഹോക്കി ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെ തോല്‍പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2നായിരുന്നു ഇന്ത്യയുടെ ജയം.

ഫൈനലില്‍ ശ്രീജേഷ് പുറത്തെടുത്ത മികച്ച പ്രകടനമാണ് ഇന്ത്യയെ കിരീടം ചൂടാന്‍ സഹായിച്ചത്. നേരത്തെ കേന്ദ്ര കായികമന്ത്രാലയം കളിക്കാര്‍ക്ക് ഒന്നര ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ അതത് സംസ്ഥാനങ്ങളും തങ്ങളുടെ കളിക്കാര്‍ക്ക് സമ്മാനവുമായി രംഗത്ത് വന്നിരുന്നു.