ന്യൂദല്‍ഹി: ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ സായുധ അക്രമങ്ങള്‍ ഏറ്റവും കുറവ് കേരളത്തിലെന്ന് യുഎന്‍ റിപ്പോര്‍ട്ട്. കൊച്ചിയാണ് ആക്രമണങ്ങള്‍ കുറവുള്ള വന്‍നഗരം.

സംസ്ഥാനങ്ങളില്‍ സിക്കിമിനു പിന്നില്‍ രണ്ടാം സ്ഥാനത്താണ് കേരളം. 2008ലെ ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്കുകളെ അടിസ്ഥാനമാക്കിയാണ് യുഎന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്.

കൊച്ചിയില്‍ 2008ല്‍ തോക്കുപയോഗിച്ചുള്ള ആക്രമണം നടന്നിട്ടു പോലും ഒരാള്‍പോലും കൊല്ലപ്പെട്ടിട്ടില്ലെന്നും ഒരു ലക്ഷം ജനസംഖ്യയില്‍ ആകെ കൊലപാതകങ്ങളുടെ ശതമാനം ദശാംശം ഏഴ് മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപാണ് ഏറ്റവും സുരക്ഷിതമായ സ്ഥലം. രാജ്യത്തെ നഗരങ്ങളില്‍ഏറ്റവും അപകടം നിറഞ്ഞത് ഉത്തര്‍പ്രദേശിലെ മീററ്റിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.