Categories

വിവരാവകാശ നിയമം അട്ടിമറിയ്ക്കപ്പെടുന്നു; കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ച്

തിരുവന്തപുരം: ഭരണത്തിലെ സുതാര്യത ഉറപ്പാക്കുന്നതിനായി രൂപീകരിക്കപ്പെട്ട വിവരാവകാശ നിയമം നടപ്പാക്കുന്ന വിവരാവകാശ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ലെന്നാരോപിച്ച് വിവിധ സംഘടകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിന്റെ ആദ്യപടിയായി വിവരാവകാശപ്രവര്‍ത്തകര്‍ തിരുവനന്തപുരം വിവരാവകാശ കമ്മീഷന് നേരെ മാര്‍ച്ച് നടത്തി. മാര്‍ച്ച് ഓഫീസിനടുത്തെത്തുന്നതിന് മുമ്പ് തന്നെ പോലീസ് തടഞ്ഞു. പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനുമായ കെ. വേണുവാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.

സാധാരണ ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കുന്നതിനും അഴിമതി തടയുന്നതിനുമായി രൂപീകരിച്ച വിവരാവകാശനിയമം ഫലപ്രദമായി നടപ്പാക്കുന്നതില്‍  വീഴ്ച സംഭവിച്ചിരിക്കയാണെന്ന് വിവരാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇക്കാര്യത്തില്‍ മുഖ്യപങ്കു വഹിക്കേണ്ട വിവരാവകാശ കമ്മീഷന്‍ നിരാശാജനകമായ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. കമ്മീഷന്റെ അലംഭാവവും നിഷേധാത്മക സമീപനവുംമൂലം ജനങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണ്,’ വിവിധ സംഘടനകളുടെ നേതാക്കള്‍ വ്യക്തമാക്കി.

വിവരാവകാശനിയമത്തെ സംരക്ഷിക്കാനും കമ്മീഷന്‍ ജനപക്ഷസമീപനം സ്വീകരിക്കാനും സര്‍ക്കാരിന്റെ സമീപനത്തില്‍ മാറ്റമുണ്ടാക്കാനുമായി ജനകീയസമരം സംഘടിപ്പിക്കാന്‍ ആര്‍.ടി.ഐ കേരള ഫെഡറേഷന്‍, വിവരാവകാശ നിയമസംരക്ഷണസമിതി, ഫിഫ്ത്  എസ്‌റ്റേയ്റ്റ്, ധര്‍മ്മരാജ്യവേദി, ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് എന്നീ സംഘടനകളാണ് ഒന്നിച്ചുവന്നിരിക്കുന്നത്.

പൊതു അധികാരികളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച പൂര്‍ണ്ണവിവരം സ്വമേധയാ വെളിപ്പെടുത്താന്‍ നിയമത്തിലെ വകുപ്പ് 4(1) ബാദ്ധ്യസ്ഥമാക്കുന്നുണ്ടെങ്കിലും കമ്മീഷന്റെ വെബ്‌സൈറ്റില്‍പോലും പ്രവര്‍ത്തനങ്ങളുടെ വിവരം ലഭ്യമല്ല. നിയമപ്രകാരം പ്രതിവര്‍ഷം നിയമസഭയ്ക്ക് സമര്‍പ്പിക്കേണ്ട വാര്‍ഷിക റിപ്പോര്‍ട്ട് പോലും യഥാസമയം സമര്‍പ്പിക്കപ്പെടുകയോ പ്രസിദ്ധപ്പെടുത്തുകയോ ചെയ്യുന്നില്ല.

സുതാര്യത ഉറപ്പുവരുത്തുന്ന നിയമത്തിന്റെ കമ്മീഷന്‍ നടപടികള്‍ കാണാന്‍ ഇന്നും ജനങ്ങള്‍ക്ക് അവകാശമില്ല.  സുതാര്യത ഉറപ്പു വരുത്താന്‍ ഇത് അനിവാര്യമാണ്. ജില്ലാ കേന്ദ്രങ്ങളില്‍ ഹിയറിംഗുകള്‍ ഉണ്ടെങ്കിലും നടപടിക്രമങ്ങള്‍ രേഖപ്പെടുത്തുവാന്‍ നിയതമായ ഒരു സംവിധാനവുമില്ല- നേതാക്കള്‍ പറയുന്നു.

നിയമപ്രകാരം പ്രതിവര്‍ഷം നിയമസഭയ്ക്ക് സമര്‍പ്പിക്കേണ്ട വാര്‍ഷിക റിപ്പോര്‍ട്ട്‌പോലും യഥാസമയം സമര്‍പ്പിക്കപ്പെടുകയോ പ്രസിദ്ധപ്പെടുത്തുകയോ ചെയ്യുന്നില്ല. ഹരജികള്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിലും കുറ്റകരമായ അനാസ്ഥയാണ് കമ്മീഷണര്‍മാര്‍ പലരും കാട്ടുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു.
വിവരം നല്‍കുന്നതില്‍ പിഴവുകാട്ടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷ വിധിക്കാന്‍ കമ്മീഷന് അധികാരവും ബാദ്ധ്യതയുമുണ്ടെങ്കിലും പിഴ വധിക്കുന്നതിനും മാധ്യമങ്ങളിലൂടെ പ്രചാരണം നല്‍കുന്നതിലും പല കമ്മീഷണര്‍മാരും വിമുഖത കാട്ടുന്നതായും അവര്‍ ആരോപിക്കുന്നു. ശിക്ഷ വിധിക്കേണ്ട സാഹചര്യത്തില്‍പോലും മുന്നറിയിപ്പോടെ ഉദ്യോഗസ്ഥരെ വിട്ടയക്കുന്ന മൃദുസമീപനമാണ് ചില കമ്മീഷണര്‍മാര്‍ സ്വീകരിക്കുന്നത്.

ഇത്തരം സാഹചര്യങ്ങളും കാലവിളംബവും പക്ഷാഭിമുഖ്യവുംമൂലം ജനങ്ങള്‍ക്ക് ഈ നിയമത്തിലുളള വിശ്വാസം കുറയുന്നു. ഈ പ്രശ്‌നങ്ങളേക്കുറിച്ച് വിവധ സംഘടനകള്‍ പലപ്രാവശ്യം കമ്മീഷന്റെ മുമ്പാകെ ഉന്നയിച്ചിട്ടുണ്ടെങ്കിലും ചര്‍ച്ച നടത്താനോ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊളളാനോ കമ്മീഷന്‍ തയാറായിട്ടില്ല.

സര്‍ക്കാരിന്റെ ഭാഗത്തുനിന്നുളള നടപടികളും ആശ്വാസകരമല്ല. പൊതു അധികാരികള്‍ 4(1) വകുപ്പു പ്രകാരം വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നില്ല. കമ്മീഷണര്‍മാരുടെ നിയമന നടപടികള്‍ സുതാര്യമാക്കണം. നിയമത്തിന് പൊതുവിജ്ഞാപനം പുറപ്പെടുവിച്ച കേന്ദ്രസരക്കാരിന്റെ നടപടി സംസ്ഥാന സര്‍ക്കാരും സ്വീകരിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനും ഫീസ് അടക്കുന്നതിനും നിയമങ്ങള്‍ ലളിതമാക്കണം. ഉദ്യോഗസ്ഥബഹുജന പരിശീലനത്തിന്റെ കാര്യത്തിലും ആവശ്യമായ ജീവനക്കാരെ ലഭ്യമാക്കുന്നതിലും സര്‍ക്കാര്‍ വിമുഖത കാട്ടുകയാണെന്നും നേതാക്കള്‍ പറയുന്നു.