എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പി വിമതരെ സ്വീകരിച്ചത് മതനിരപേക്ഷതയുടെ ഭാഗം; യു.ഡി.എഫ് വര്‍ഗീയതയുമായി സമരസപ്പെടുന്നു: പിണറായി
എഡിറ്റര്‍
Friday 31st January 2014 12:54pm

Pinarayi

തിരുവനന്തപുരം: യു.ഡി.എഫ് വര്‍ഗീയതയുമായി സമരസപ്പെടുന്നുവെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരേ നയമാണെന്നും പിണറായി ആരോപിച്ചു.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള രക്ഷാ മാര്‍ച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

ബി.ജെ.പി വിമതരെ സി.പി.ഐ.എം സ്വീകരിച്ചത് മതനിരപേക്ഷതയായി കാണണം. അവരെ സ്വീകരിച്ചതില്‍ തെറ്റില്ലെന്നും പിണറായി പറഞ്ഞു.

മലപ്പുറത്ത് സി.പി.ഐ.എം പ്രവര്‍ത്തകരെ എസ്.ഡി.പി.ഐ ആക്രമിച്ചതിനെ കുറിച്ച് ലീഗ് നിലപാട് വ്യക്തമാക്കണം. ലീഗിന് വേണ്ടിയാണ് എസ്.ഡി.പി.ഐ ആക്രമണം നടത്തിയത്.

നരേന്ദ്ര മോഡിവംശീയതയുടെ പ്രതീകമാണെന്നും പിണറായി പറഞ്ഞു. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിലൂടെ ആര്‍.എസ്.എസ് വര്‍ഗീയതയെ അഴിച്ചുവിട്ടിരിക്കുകയാണ്.

അതേസമയം, കേരള രക്ഷാ മാര്‍ച്ച് ഉദ്ഘാടനത്തിന് ഗൗരിയമ്മ പങ്കെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ഗൗരിയമ്മ ചടങ്ങിന് വരുമോയെന്നും അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമായും അഞ്ച് ലക്ഷ്യങ്ങള്‍ ഉയര്‍ത്തിയാണ് കേരള രക്ഷാ മാര്‍ച്ച് നടത്തുന്നത്. വിലക്കയറ്റം തടയുകയാണ് പ്രധാന ലക്ഷ്യം. വര്‍ഗീയത തടയുക, അഴിമതി തടയുക എന്നിവയാണ് മറ്റ് ലക്ഷ്യങ്ങള്‍.

വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ളയാണ് യാത്ര ഉദ്ഘാടനം ചെയ്യുന്നത്.  പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അധ്യക്ഷത വഹിക്കുമെന്നും പിണറായി അറിയിച്ചു.

ജാഥ നയിക്കുന്ന പിണറായി വിജയനോടൊപ്പം കേന്ദ്ര കമ്മിറ്റി  അംഗങ്ങളായ ഇ.പി ജയരാജന്‍, എ.വിജയരാഘവന്‍, പി.കെ ശ്രീമതി, എന്നിവരും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.വി ഗോവിന്ദന്‍, എളമരം കരീം, എ.കെ ബാലന്‍, ബേബി ജോണ്‍ എന്നിവരും മാര്‍ച്ചില്‍ പങ്കെടുക്കും.

ഫെബ്രുവരി രണ്ടിന് ജാഥ കൊല്ലം ജില്ലയില്‍ പ്രവേശിക്കും.

Advertisement