എഡിറ്റര്‍
എഡിറ്റര്‍
ഫൈവ് സ്റ്റാര്‍ ഭ്രാന്താലയം
എഡിറ്റര്‍
Thursday 26th April 2012 2:54pm

സുകുമാരന്‍ നായര്‍ക്ക് ജാതി ഭ്രാന്ത് ശ്ശി മൂത്തിട്ടില്ലേന്ന് വെള്ളാപ്പള്ളിച്ചേട്ടന്‍ സംശയിക്കില്ല. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന് പറഞ്ഞൊരു ഗുരുവിന്റെ ശിഷ്യനു ജാതിഭ്രാന്ത് ഉണ്ടാവുകയേ ഇല്ല.

സൂചിമുന/ തുന്നല്‍ക്കാരന്‍

ഒന്ന്.

കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച വിവേകാനന്ദനാണു നമുക്ക് ഏറ്റവും നല്ല സേര്‍ട്ടിഫിക്കറ്റ് നല്‍കിയ മനുഷ്യന്‍. കാലാകാലങ്ങളായി ആ ഭ്രാന്തിനെയാണു എല്ലാവരും ഉപയോഗിക്കുന്നത്. മതം സ്വര്‍ഗ്ഗത്തിലേക്കുള്ള മാര്‍ഗ്ഗമെന്ന് വിശ്വാസികള്‍ പറയുന്നുവെങ്കില്‍ അത് ഭരണത്തിലേക്കുള്ള കോണിയെന്നാണു കോണ്‍ഗ്രസുകാര്‍ പറയുന്നത്.

‘കേരളത്തില്‍ ഭ്രാന്തില്ലാത്തവര്‍ ആരെന്ന്?’ ചോദിച്ചാല്‍ ‘കോട്ടയത്ത് എത്ര കേരളാ കോണ്‍ഗ്രസുകാരെന്നു ?’ മാണിച്ചായനും ചോദിക്കും. പി.സി ജോര്‍ജ്ജച്ചായന്റെ തുണിയഴിച്ചുള്ള ഭ്രന്തിനൊപ്പം ഏത് ഭ്രാന്തെന്ന് തെളിവായി ജോസഫ് പുണ്യാളന്‍ ചോദിച്ചാല്‍ എല്ലാ വിശുദ്ധ പുണ്യാളന്മാരും ഒരുമിച്ചു ചിരിക്കും. പുണ്യാളന്മാര്‍ ചിരിക്കാറുണ്ടോയെന്ന് സനല്‍ ഇടമറുക് സംശയിച്ചാല്‍……. അയാള്‍ അകത്താവുകയും ചെയ്യും.

സുകുമാരന്‍ നായര്‍ക്ക് ജാതി ഭ്രാന്ത് ശ്ശി മൂത്തിട്ടില്ലേന്ന് വെള്ളാപ്പള്ളിച്ചേട്ടന്‍ സംശയിക്കില്ല. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന് പറഞ്ഞൊരു ഗുരുവിന്റെ ശിഷ്യനു ജാതിഭ്രാന്ത് ഉണ്ടാവുകയേ ഇല്ല. വേണമെങ്കില്‍ ജാതി ചോദിക്കണം പറയണം വിചാരിക്കണം എന്നൊക്കെ പറയുന്നത് ഗുരുവിനെ ധിക്കരിക്കാനല്ല, സ്വന്തം സമുദായത്തിന്റെ ഉന്നമനമാണു ലക്ഷ്യം. ‘ഗുരു എന്തായാലും വേണ്ടില്ല സമുദായം നന്നായാല്‍ മതി’ എന്നാണു പുതിയ വെള്ളാപ്പള്ളി മുദ്രാവാക്യം.

രണ്ട്.

ഭ്രാന്ത് സര്‍ഗ്ഗാത്മകമായാല്‍ അത് നല്ലതാണ്. ഉമ്മന്‍ ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും സര്‍ഗ്ഗാത്മക ഇത്തിരി കൂടുതലാണ്. അതിനാല്‍ അഞ്ചാം മന്ത്രിയെ നിശ്ചയിക്കാന്‍ പാവങ്ങള്‍ എത്ര തവണ ഡല്‍ഹിക്ക് വിമാനം കയറി. അവിടിരിക്കുന്ന ആള്‍ദൈവം ആന്റണി പുണ്യാളനു എല്ലാം നന്നായി മനസ്സിലാക്കി പ്രതിരോധിക്കാന്‍ നല്ല മിടുക്കുമാണ്. പട്ടാളക്കാര്‍ ചന്തിയ്ക്ക് താഴെവന്ന് കവാത്ത് നടത്തിയപ്പോഴും പ്രതിരോധനു കുലുക്കമൊന്നും ഉണ്ടായില്ല.

കേരളത്തിന്റെ അഞ്ചാം മന്ത്രിയെ അവിടുന്ന് നിശ്ചിയിച്ചാല്‍ തന്റെ തലയ്ക്ക് വില പറഞ്ഞ് എല്ലാവനും തിരിയുമെന്ന് മനസ്സിലാക്കാനുള്ള സര്‍ഗ്ഗാത്മകത ആന്റണിയ്ക്കുണ്ട്. ‘ആന്റണിയെത്ര ഭ്രാന്ത് കണ്ടതാണ്’ എന്നൊരു പഴഞ്ചൊല്ലുപോലും ഭാവിയില്‍ രൂപപ്പെട്ടേക്കാം.

ഹൈക്കമാന്റിനു അടിച്ചുകൊടുത്ത ബോള്‍ കാലുകൊണ്ട് തടുത്ത് വേഗത്തില്‍ തന്നെ ഉമ്മനും ചെന്നിത്തലയ്ക്കും എത്തിച്ചുകൊടുത്ത് ആന്റണിച്ചായന്‍ സ്വസ്ഥനായി. വേണമെങ്കില്‍ നിങ്ങള്‍ ഗോളടിച്ചോളൂ… ആ പരിപാടിയ്ക്ക് എന്നെ കിട്ടില്ല. അമ്മയാണേല്‍ ഞാന്‍ ഒരു തീരുമാനവും എടുക്കില്ലെന്ന് അദ്ദേഹം വളരെ പൈശാചികവും മൃഗീയമായും പ്രസ്താവിച്ചു.

അവസാനം അത് സംഭവിച്ചു. അഞ്ചാം മന്ത്രി ജനിച്ചു. ലീഗു പച്ച ലഡു വിതരണം നടത്തി ആഘോഷിച്ചു. പച്ച തപ്പില്ലെന്നു പറഞ്ഞു വന്നവര്‍ക്ക് പച്ചപ്പായസവും അവര്‍ വിളമ്പി.

മൂന്ന്.

മുരളീധരനു ഭ്രാന്ത് മൂത്താല്‍ അതിനെ തടുക്കാന്‍ കഴിയുന്ന ചങ്ങലയും കോണ്‍ഗ്രസിന്റെ കൈയ്യിലുണ്ടാവില്ല. ഇപ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസിലെ ഏറ്റവും പ്രബലനായ നേതാവും മുരളീധരനാണ്. ഇടയ്ക്ക് വാരിക്കുഴിയില്‍ വീഴിക്കാന്‍ ചെന്നിത്തലയ്ക്കും കൂട്ടര്‍ക്കും സാധിച്ചെങ്കിലും കരയ്ക്ക് കയറിയ മുരളീധരന്‍ ഏറ്റവും തലയെടുപ്പുള്ള ഗജപോക്രിയാണ്. ചങ്ങലക്കിട്ട് കൂടെ നിര്‍ത്താമെന്ന ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും മോഹങ്ങള്‍ വിലപ്പോവില്ല. ചങ്ങലയില്‍ കിടന്ന് പരിചയം മുരളിയ്ക്കില്ല.

സൂചി കയറ്റേണ്ടിടത്ത് തൂമ്പ കയറ്റേണ്ട ജാലവിദ്യ മുരളീധരന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പഠിപ്പിക്കും.

വരും കാലങ്ങളില്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മുരളീധരനു പിന്നില്‍ അണിനിരക്കും. കേരളത്തിലെ ജാതീയമായ മുപ്പത് സീറ്റല്ല പ്രധാനം, ബാക്കി നൂറ്റിപ്പത്തില്‍ പരം സീറ്റാണു പ്രധാനമെന്ന് മുരളീധരന്‍ തിരിച്ചറിഞ്ഞാണു കളി. ഒപ്പം നൂല്പാലത്തില്‍ നില്‍ക്കുന്ന കോണ്‍ഗ്രസിനു തന്നെ തള്ളിത്താഴെയിടാന്‍ കഴിയില്ലെന്ന രാഷ്ട്രീയ സര്‍ക്കസും മുരളീധരനു ഗുണമാകും.

സൂചി കയറ്റേണ്ടിടത്ത് തൂമ്പ കയറ്റേണ്ട ജാലവിദ്യ മുരളീധരന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പഠിപ്പിക്കും.
ഉടന്‍ തന്നെ കേരള രാഷ്ട്രീയത്തില്‍ ‘അച്ഛന്റെ മകന്‍’ ഓടിത്തുടങ്ങും. ജനം ഹര്‍ഷാരവത്തോടെ അത് സ്വീകരിക്കുകയും ചെയ്യും.

മുറിക്കഷ്ണം.

ലീഗ് വിറപ്പിച്ചാല്‍ വിറയ്ക്കാന്‍ നില്‍ക്കാതെ ഈ മന്ത്രി സഭ പിരിച്ചുവിട്ട് പുതിയൊരു ഇലക്ഷന്‍ നടത്തിക്കളയുമെന്ന് വിറപ്പിക്കാന്‍ കഴിയാതെ പോയതാണു ഉമ്മന്‍ ചാണ്ടിയ്ക്ക് പറ്റിയ വിഡ്ഡിത്വം. പിറവം ഉപതെരഞ്ഞെടുപ്പില്‍ പതിനായിരത്തിലേറെ വോട്ട് നേടി വിജയിച്ചിട്ടും ഉമ്മന്റെ നട്ടെല്ല് നിവര്‍ന്നില്ലെങ്കില്‍ ഇനി ഏത് ചികില്‍സ കൊണ്ടും ഫലമുണ്ടാകില്ല.

കമ്യൂണിസ്റ്റ് സഖാക്കള്‍ തങ്ങളുടെ നേതാക്കളെ ചികില്‍സിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന ഈ സമയത്തുപോലും ഉമ്മന്‍ ചാണ്ടിയ്ക്ക് ധൈര്യമില്ലാതെ പോയെങ്കില്‍…………. അതിനര്‍ത്ഥം ഉമ്മന്‍ ചാണ്ടി അധിവേഗം ബഹുദൂരം ജനങ്ങളില്‍ നിന്നും പുറത്തേയ്‌ക്കെന്നാണ്..!ഒപ്പം നായന്മാര്‍ക്കപ്പുറം ഒരു ജാതിയില്ലെന്ന് വിചാരിക്കുന്ന ചെന്നിത്തലയും !

സൂചിമുന.

രാഷ്ട്രീയം കുനിഞ്ഞ് നിന്ന് തല്ലുകൊള്ളാനുള്ള ഭ്രാന്തുമാത്രമല്ല, നിവര്‍ന്നു നിന്ന് തല്ലുകൊടുക്കാനുമുള്ള ഭ്രാന്താണ്.

 

Advertisement