തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദേശങ്ങളുമായി പൊലീസ്. സ്ഥിരമായി സ്‌കൂളിലേക്ക് ബസില്‍ വരുന്ന ഒരു കുട്ടി എത്തിയിട്ടില്ലെങ്കില്‍ രക്ഷിതാവുമായി ബന്ധപ്പെട്ട് അന്വേഷിക്കണം, പുറത്ത് നിന്നും സ്‌കൂളില്‍ എത്തുന്നവരെ നിയന്ത്രിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പൊലീസ് പുറത്തിറക്കിയിരിക്കുന്നത്.


Also Read: ‘പശു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാള പുറത്തിറക്കി


ഇത്തരം കാര്യങ്ങള്‍ക്കായി ഏതെങ്കിലും അധ്യാപകരെ ചുമതലപ്പെടുത്താവുന്നതാണെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. സ്‌കൂളുകളില്‍ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് ബോധവത്കരണം ഉള്‍പ്പെടെ വിവിധ നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ലാ പൊലീസ് മേധാവിമാരോട് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹറ നിര്‍ദേശിച്ചു.

ഹരിയാനയില്‍ അഞ്ചു വയസ്സുകാരിയെ സ്‌കൂളില്‍ പ്യൂണ്‍ പീഡിപ്പിച്ച സംഭവത്തിനും ഗുര്‍ഗ്രാമില്‍ ഏഴുവയസ്സുകാരന്‍ കഴുത്തറുത്തു കൊല്ലപ്പെട്ട സംഭവത്തിനും പിന്നാലെയാണ് കേരളത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പൊലീസ് ഇടപെടലുണ്ടായിരിക്കുന്നത്.

വിദ്യാലയങ്ങള്‍ക്കുള്ളിലും പൊതുവഴികളിലും വാഹനങ്ങളിലും കുട്ടികളുടെ സുരക്ഷ പൂര്‍ണ്ണമായും ഉറപ്പുവരുത്തുന്നതിന് വിദ്യാലയാധികൃതരും രക്ഷിതാക്കളും പൊലീസ് ഉള്‍പ്പെടെയുള്ള വിവിധ ഏജന്‍സികളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പൊലീസ് വെബ്സൈറ്റിലും ഫേസ്ബുക്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Dont Miss: ഭീകരാക്രമണങ്ങള്‍ തടയാന്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കണമെന്നു ട്രംപ്


സംസ്ഥാന തലത്തില്‍ സ്‌കൂള്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഡോ.ബി.സന്ധ്യയെ നോഡല്‍ ഓഫിസറായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് മേധാവി ബെഹ്‌റ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

സുരക്ഷാ നിര്‍ദ്ദേശങ്ങളില്‍ ചിലത്:

* സ്‌കൂളിന് ചുറ്റുമതിലും ഗേറ്റും നിര്‍ബന്ധമായും വേണ്ടതുണ്ട്. പുറത്ത് നിന്നും ആളുകളുടെ പ്രവേശനം മതിയായ പരിശോധനയ്ക്ക് ശേഷമേ അനുവദിക്കാവൂ.

* ഓരോ ക്ലാസ് ടീച്ചറും തന്റെ വിദ്യാര്‍ഥികളെക്കുറിച്ച് വിശദവിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുക. കുട്ടിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും രക്ഷിതാക്കളുമായി പങ്കുവയ്ക്കുക. അസ്വാഭാവികമായ പെരുമാറ്റമോ ശാരീരിക ക്ഷീണമോ കാണുകയാണെങ്കില്‍ അതിനെക്കുറിച്ച് അന്വേഷിച്ച് മനസ്സിലാക്കുക.

* ക്ലാസ്സുകള്‍ ആരംഭിക്കുതിനു മുന്‍പും അവസാനിച്ച ശേഷവും ഓരോ ക്ലാസ്സ് മുറിയും ചുമതലയുള്ള ഒരാള്‍ പരിശോധിച്ച് ഉറപ്പുവരുത്തണം.

* ക്ലാസ്സില്‍ നിന്ന് ഏതെങ്കിലും ആവശ്യത്തിന് പുറത്തിറങ്ങുന്ന കുട്ടി നിശ്ചിത സമയത്തിനുള്ളില്‍ തിരികെ എത്തിയെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം.

* സ്‌കൂള്‍ അധികൃതര്‍ നേരിട്ട് നിയമനങ്ങള്‍ നടത്തുമ്പോള്‍ അവരെക്കുറിച്ച് നന്നായി അന്വേഷിച്ച് മനസ്സിലാക്കിയശേഷം മാത്രം നിയമനം നടത്തണം.

* കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കുന്നതിന് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഒരു കൗണ്‍സലറെ ചുമതലപ്പെടുത്തണം. കൃത്യമായ ഇടവേളകളില്‍ ഇവര്‍ കുട്ടികളുമായി സംവദിക്കുകയും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യണം.

* രക്ഷിതാക്കളുടെ ആവശ്യപ്രകാരമല്ലാതെ സ്‌കൂള്‍ സമയത്ത് ഒരു കാരണവശാലും കുട്ടികളെ പുറത്തേക്ക് പോകാന്‍ അനുവദിക്കരുത്. സ്‌കൂളില്‍ നിന്ന് എതെങ്കിലും കാരണത്താല്‍ പണവും മറ്റും ആവശ്യപ്പെടുകയാണെങ്കില്‍ അത് ഡയറിയില്‍ എഴുതിയോ മറ്റുവിധത്തിലോ രക്ഷിതാവിനെ അറിയിക്കേണ്ടതാണ്.

* കുട്ടികളുടെ ബാഗുകളില്‍ നിന്ന് അസ്വാഭാവികമായ വസ്തുക്കളോ പണമോ മയക്കുമരുന്നു പോലുള്ള വസ്തുക്കളോ കണ്ടെത്തിയാല്‍ വിശദമായി അന്വേഷിക്കുകയും രക്ഷിതാവിനെ അറിയിക്കുകയും ചെയ്യേണ്ടതാണ്.

* സ്‌കൂളില്‍ വൃത്തിയും വെടിപ്പുമുളള ശൗചാലയങ്ങള്‍ ഉണ്ടായിരിക്കേണ്ടതാണ്. പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ (സാനിട്ടറി നാപ്കിന്‍ വൈന്‍ഡര്‍, ഇന്‍സിനേറ്റര്‍ മുതലായവ) ലഭ്യമാക്കേണ്ടതുണ്ട്. അടിയന്തരഘട്ടങ്ങളില്‍ വേണ്ട പ്രാഥമിക ചികില്‍സാ സൗകര്യങ്ങളും ലഭ്യമായിരിക്കണം.

* സ്‌കൂള്‍ കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. അപകടാവസ്ഥയിലുള്ള വൃക്ഷങ്ങളോ അപകടസാഹചര്യങ്ങളിലുള്ള നിര്‍മിതികളോ അങ്കണങ്ങളോ ഇല്ലായെന്ന് ഉറപ്പുവരുത്തണം. തീപിടിത്തിനുള്ള സാധ്യത ഒഴിവാക്കുകയും ആവശ്യമായ സ്ഥലങ്ങളില്‍ ഫയര്‍ സേഫ്റ്റി ഉപകരണങ്ങള്‍ സ്ഥാപിക്കുകയും വേണം.

* സ്വകാര്യവാഹനങ്ങള്‍, ഓട്ടോറിക്ഷ തുടങ്ങിയവയെ ആശ്രയിക്കേണ്ടി വരുന്നവര്‍ ഡ്രൈവര്‍മാരുടേയും മറ്റു ജീവനക്കാരുടേയും വ്യക്തമായ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തണം.