തൃശൂര്‍ : കരുനാഗപ്പള്ളി ടാങ്കര്‍ ദുരന്തത്തില്‍ മരണസംഖ്യ വര്‍ധിക്കാന്‍ പോലീസിന്റെയും ഫയര്‍ ഫോഴ്‌സിന്റെയും അജ്ഞത കാരണമായിട്ടുണ്ടെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ . അപകടത്തില്‍ പെട്ടവര്‍ക്ക് ആശുപത്രിയിലെത്തുന്നതിനു മുന്‍പു തന്നെ വേണ്ട അടിയന്തര ശുശ്രൂഷ നല്‍കിയാല്‍ പലരുടെയും ജീവന്‍ രക്ഷിക്കാന്‍ കഴിയും. ഇനി പോലീസില്‍ ചേരുന്ന എല്ലാവര്‍ക്കും ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പോലീസുകാര്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ) നല്‍കുന്ന പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സര്‍വീസിലുള്ളവരില്‍ 45 വയസ്സിനു താഴെയുള്ളവര്‍ക്കു ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പരിശീലനം നല്‍കാനാണു തീരുമാനം. 45നു മുകളിലുള്ളവരും തയാറാണെങ്കില്‍ പരിശീലനം കൊടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ഈ സര്‍ക്കാര്‍ ഭരണത്തില്‍ വന്ന ആദ്യകാലത്തു പോലീസിനെക്കണ്ടാല്‍ ആളുകള്‍ വെള്ളത്തില്‍ ചാടുന്ന പതിവുണ്ടായിരുന്നു. നീന്തല്‍ അറിയാത്ത പോലീസുകാര്‍ തിരിച്ചു പോവും. അങ്ങനെ പല സംഭവങ്ങളുണ്ടായി. വെള്ളത്തില്‍ ചാടുന്ന കുറ്റവാളികള്‍ നീന്തി രക്ഷപ്പെടുകയും ചെയ്യും. അങ്ങനെയാണു പോലീസിന്റെ പരിശീലനത്തില്‍
നീന്തല്‍ പഠനം ഉള്‍പ്പെടുത്തിയത്. ഇനി ആരെങ്കിലും വെള്ളത്തില്‍ ചാടിയാല്‍ പോലീസ് പിന്നാലെ ചാടി രക്ഷപ്പെടുത്തണെമന്നും കോടിയേരി പറഞ്ഞു. ഡി ജി പി ജേക്കബ് പുന്നൂസ് മുഖ്യപ്രഭാഷണം നടത്തി.