കല്‍പറ്റ: മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനെത്തിയ ആദിവാസി സ്ത്രീകളുടെ അരയില്‍ കെട്ടിയിരുന്ന കച്ചയഴിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുത്തു. ആദിവാസി സ്ത്രീകളുടെ അരയില്‍ കെട്ടിയിരുന്ന കച്ച സുരക്ഷയുടെ പേരില്‍ പോലീസ് അഴിച്ചു മാറ്റിയെന്നാണ് ആരോപണം. കമ്മീഷന്‍ അംഗം കെ. ജി. ഗംഗാധരന്റെ നേതൃത്വത്തിലുള്ള സംഘം ആദിവാസി കോളനികളിലെത്തി തെളിവെടുപ്പ് നടത്തി.

ഇത് മനുഷ്യാവകാശ ലംഘനമാണെന്നും ഇത് സംബന്ധിച്ച് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടിയാല്‍ നടപടി സ്വീകരിക്കുമെന്നും കെ.ജി. ഗംഗാധരന്‍ പറഞ്ഞു.

വയനാട് കളക്ടറേറ്റില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ ആദിവാസി ക്ഷേമ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് സുരക്ഷ കര്‍ശനമാക്കിയത്. സ്ത്രീകള്‍ അരയില്‍ കെട്ടിയിരുന്ന കറുത്ത കച്ച കരിങ്കൊടിയാണെന്ന് പറഞ്ഞാണ് പോലീസ് അഴിപ്പിച്ചത്. ആരോപണം അന്വേഷിക്കുമെന്ന് മന്ത്രി പി.കെ. ജയലക്ഷ്മി പറഞ്ഞിരുന്നു.