ന്യൂദല്‍ഹി: കേന്ദ്രം ഈ മാസം തന്നെ ഇന്ധവില വന്‍തോതില്‍ ഉയര്‍ത്തിയേക്കും. ഡീസലിന്റെ വിലയില്‍ ലിറ്ററിന് മൂന്ന് രൂപയുടെ വര്‍ധനവാണ് വരുത്താന്‍ ഉദ്ദേശിക്കുന്നത്. പെട്രോള്‍ വില വര്‍ധന എത്രയെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും ലിറ്ററിന് നാലു രൂപ വരെ വര്‍ദ്ധനവുണ്ടാകുമെന്നാണ് കരുതുന്നത്. ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായി ധനമന്ത്രി പ്രണാബ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി മെയ് 11ന് യോഗം ചേരും.

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വര്‍ധനവ് നിലവില്‍ വരുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. മെയ് 10ന് നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിക്കും. ഫല പ്രഖ്യാപനത്തിന് മുമ്പ് വില വര്‍ധിപ്പിക്കുന്നതില്‍ എന്തെങ്കിലും തടസ്സമുണ്ടോയെന്ന പെട്രോളിയം മന്ത്രാലയം കഴിഞ്ഞ ദിവസം ഇലക്ഷന്‍ കമ്മീഷനോട് ആരാഞ്ഞിരുന്നു.

പെട്രോള്‍ ലിറ്ററിന് 8.50 രൂപ നഷ്ടത്തിലാണ് എണ്ണക്കമ്പനികള്‍ ഇപ്പോള്‍ വില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് വില വര്‍ധിപ്പിക്കുന്നത്.