kerala-palekar

കെ.എ സലീം

വിപ്ലവം ജ്വലിക്കുന്ന പഠന കാലം, അതിജീവനത്തിന്റെ പോരാട്ടവുമായി യൗവ്വനം, ഒടുവില്‍ പ്രകൃതിയുടെ ശാന്തതയില്‍ ലയിച്ച് ജീവിതം… ആലപ്പുഴയില്‍ ജനിച്ച് കോട്ടയത്ത് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കെ.എം ഹിലാല്‍ പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ എത്തിയതിന് പിന്നില്‍ ഒരു കഥയുണ്ട്. പോരാട്ടങ്ങളുടെയും അതജീവനത്തിന്റെയും ജയപരാജയങ്ങളുടെയും കഥ.

വിദ്യാര്‍ഥി കാലത്ത് എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ഹിലാല്‍. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റും സംസ്ഥാന സമിതി അംഗവുമായി. വിദ്യാര്‍ഥി രാഷ്ട്രീയം ഇളകിമറിയുന്ന കാലഘട്ടമായിരുന്നു അത്. കാമ്പസുകളില്‍ ഹിലാല്‍ രാഷ്ട്രീയം പറഞ്ഞു. കാമ്പസ് വിട്ടപ്പോള്‍ കറകളഞ്ഞ രാഷ്ട്രീയക്കാരനായി ജീവിച്ചു. കോട്ടയത്തെ സമര മുന്നേറ്റങ്ങളുടെ മുന്നില്‍ നിന്നു. രാഷ്ട്രീയം ഹിലാലിന് കച്ചവടം ചെയ്യാനുള്ള ചരക്കല്ലായിരുന്നു. മനുഷ്യരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു. പ്രായോഗിക രാഷ്ട്രീയത്തിന്റെ പ്രലോഭനങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന ഏതൊരു രാഷ്ട്രീയക്കാരനും സംഭവിക്കുന്നതും ഹിലാലിനും സംഭവിച്ചു. 1997ല്‍ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായിരിക്കെ ഹിലാല്‍ സജീവ രാഷ്ട്രീയം വിട്ടു. ഇക്കാലയളവിലാണ് ഹിലാല്‍ തന്റെ സഹപ്രവര്‍ത്തകയായ ബിജി അബൂബക്കറെ വിവാഹം കഴിക്കുന്നത്. മത ചടങ്ങുകളൊന്നുമില്ലാതെയായിരുന്നു വിവാഹം. എസ്.എഫ്.ഐ രാഷ്ട്രീയത്തില്‍ നിന്ന് ഹിലാല്‍ നേരെ പോയത് കൃഷിയിലേക്കാണ്.

1998ല്‍ മൂന്നാറില്‍ മറയൂരില്‍ ഹിലാല്‍ കൃഷിയിറക്കി. പഴയ കാല എസ്.എഫ്.ഐ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു.  കൃഷി വിദഗ്ധരുടെ ഉപദേശം തേടിയായിരുന്നു ഓരോ നീക്കങ്ങളും. മാരകമായ കീടനാശിനികള്‍ ഉപയോഗിക്കേണ്ടി വന്നു. തന്റെ സങ്കല്‍പ്പത്തിലുള്ള കൃഷി ഇതല്ലെന്ന് ഹിലാല്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. ഒടുവില്‍ വിളവെടുപ്പിന് പാകമായ സമയത്ത് വിള നശിച്ചു.

kerala-palekar

മറയൂരിലെ കൃഷിയിലേറ്റ പരാജയം ഹിലാലിന് വലിയ പാഠമായിരുന്നു. കളം മാറ്റിച്ചവിട്ടാന്‍ തീരുമാനിച്ചു. കോട്ടയത്ത് ഡി.ടി.പി സെന്റര്‍ തുടങ്ങി. കോട്ടയം വിട്ട് കോയമ്പത്തൂരിലേക്ക് ചേക്കേറിയെങ്കിലും കാര്യമുണ്ടായില്ല. ഇതിനിടെ കെട്ടിട നിര്‍മ്മാണ ജോലികള്‍ ചെയ്തു. ഇതിനിടെയാണ് പഴയൊരു രാഷ്ട്രീയ സുഹൃത്തിനെ പരിചയപ്പെടുന്നത്. പ്ലാച്ചിമട കൊക്കക്കോല കമ്പനിയില്‍ അദ്ദേഹം ജോലി വാങ്ങി നല്‍കി. എന്നാല്‍ സംഘടനാ രാഷ്ട്രീയം ഉപേക്ഷിച്ചെങ്കിലും പഴയ ഇടതുപക്ഷ രാഷ്ട്രീയം ഹിലാലില്‍ ഉണര്‍ന്നിരിക്കുന്നുണ്ടായിരുന്നു. കൊക്കക്കോളയുടെ ജല ചൂഷണത്തിനെതിരെ കമ്പനിക്ക് പുറത്ത് സമര വേലിയേറ്റം നടന്നുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. ഹിലാലും കമ്പനിക്ക് പുറത്തിറങ്ങി. സമരപ്പന്തല്‍ സന്ദര്‍ശിക്കാന്‍ പ്രമുഖര്‍ എത്തുമ്പോള്‍ ഹിലാലും അവിടെയുണ്ടാകും.

ഹിലാല്‍ പ്രകൃതിയുടെ പച്ച കണ്ടെത്തുന്നതും അവിടെ വെച്ചാണ്. കോളക്കമ്പനി വിട്ട് കോട്ടയത്തെത്തി കുറച്ചുനാള്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക് പഠന കേന്ദ്രം തുടങ്ങിയെങ്കിലും അധികകാലം തുടരാന്‍ കഴിഞ്ഞില്ല. പിന്നീട് എറണാകുളത്തെത്തി പരസ്യസ്ഥാപനം നടത്തി. പണം ധാരാളം വന്നു തുടങ്ങിയെങ്കിലും ശുദ്ധവായവും ശുദ്ധ ജലവും ശുദ്ധ ഭക്ഷണവും ലഭ്യമല്ലാത്ത നഗര ജീവിതം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.

പിന്നെ നേരെ പോയത് പാലക്കാട്ടെ പ്രകൃതിയുടെ മടിത്തട്ടിലേക്ക്. കേരളത്തിലെയും അയല്‍ സംസ്ഥാനങ്ങളിലെയും രാസവിമുക്ത കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് പഠന ഗവേഷണങ്ങള്‍ നടത്തി. ജൈവകൃഷിയെ ഉപജീവനമാക്കിയവര്‍ക്കുള്ളതല്ലെന്ന സത്യം വളരെ വേഗം തിരിച്ചറിഞ്ഞു. രാസവിമുക്ത കൃഷിയകളുടെ പ്രായോഗികത മനസ്സിലാക്കിയത്. സുഭാഷ്പാലേക്കറുടെ പ്രകൃതി കൃഷിയിലൂടെയാണ്. പൗരാണിക ഭാരതത്തിലെ കാര്‍ഷിക സമ്പ്രദായങ്ങളെ പരിഷ്‌കരിച്ചെടുത്ത പാലേക്കറുടെ കൃഷിയുടെ കേരളത്തിലെ പ്രചാരകനും പ്രായോഗിക പരിശീലകനുമായി. ഭാര്യ ബിജി അബൂബക്കര്‍ ഈ സമയം എറണാകുളത്ത് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട് നഗര ജീവിതം അഴസാനിപ്പിച്ച് നല്ല ശമ്പളം വാങ്ങുന്ന ജോലിയുപേക്ഷിച്ച് ബിജിയും ഹിലാലിന്റെ കൃഷിയിലും പ്രവര്‍ത്തനങ്ങളിലും ഒപ്പം ചേര്‍ന്നു. പ്രകൃതി ജീവനം ശീലമാക്കി രോഗരഹിത ജീവിതം നയിക്കാന്‍ ഒപ്പം നല്ല വരുമാനവും ലഭിക്കാന്‍ പ്രകൃതി കൃഷി തന്നെയാണ് ഏറ്റവും അനുയോജ്യമെന്ന തിരിച്ചറിവാണ് ബിജിയെ അതിന് പ്രേരിപ്പിച്ചത്.

പൂര്‍ണ്ണമായും മണ്ണിനെ മാത്രം ആശ്രയിച്ച് നടത്തുന്ന കൃഷിയാണ് സുഭാഷ് പാലേഖറിന്റെ സീറോ ബജറ്റ് ഫാമിങ്. നടലും ജലസേചനവും വിളവെടുപ്പും ശാസ്ത്രീയമായ രീതിയിലായിരിക്കും. നമ്മുടെ കൃഷി രീതി ഈ രീതിയില്‍ പരിവര്‍ത്തനം ചെയ്യപ്പെടേണ്ടതുണ്ടെന്ന് ഹിലാല്‍ പറയുന്നു.

kerala-palekar

മുപ്പത് ഏക്കര്‍ കൃഷിഭൂമി സ്വന്തമായുള്ള കര്‍ഷകന് ഒരു നാടന്‍ പശു സ്വന്തമായുണ്ടെങ്കില്‍ ആ കൃഷിക്കുള്ള വളം ആ പശുവില്‍ നിന്ന് മാത്രമായി ലഭിക്കുമെന്ന് ഹിലാല്‍ പറയുന്നു. ചാണകവും മൂത്രവും മിശ്രിതമാക്കിയ വളമാണ് ഇവര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഹിലാല്‍ മാത്രമല്ല, അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മറ്റുമായി നിരവധി പേര്‍ ഇപ്പോള്‍ ഈ കൃഷി രീതിയുടെ പ്രചാരകരും പ്രയോക്താക്കളുമാണ്.

രാസവളങ്ങള്‍ കൂടുതല്‍ വിളവ് തരും, എന്നാല്‍ അത് മണ്ണിനെ എളുപ്പത്തില്‍ വന്ധ്യംകരിക്കും. ഉല്‍പ്പാദന ശേഷിയില്ലാത്ത വരണ്ട മണ്ണായി നമ്മുടെ ഭൂമി മാറും. പിന്നെ കുത്തകകള്‍ തരുന്ന വിത്തും വളവും ഉപയോഗിച്ചാലേ വിളവുണ്ടാവൂവെന്ന സ്ഥിതി വരും. ഇത് വൈകിയെങ്കിലും തിരിച്ചറിഞ്ഞ് പ്രതിരോധിച്ചില്ലെങ്കില്‍ ഒരു ജനത എന്ന നിലയില്‍ നമുക്ക് നിലനില്‍പ്പിന് യോഗ്യതില്ലാതായി മാറുമെന്ന് ഹിലാല്‍ പറയുന്നു.

തങ്ങളുടെ സ്വപ്‌നത്തിലുള്ള കാര്‍ഷിക വൃത്തിയുമായി കഴിയുകയാണ് മൂന്ന് കുട്ടികളുള്ള ഈ കുടുംബം. കുട്ടികളുടെ വിദ്യാഭ്യാസ രീതികളിലും ഇവര്‍ക്ക് ചില കാഴചപ്പാടുകളുണ്ട്. മക്കളെ സ്‌കൂളിലയക്കാതെ വീട്ടില്‍ നിന്നും പ്രകൃതിയില്‍ നിന്നും വിദ്യ അഭ്യസിക്കുന്ന രീതിയാണ് ഇവര്‍ പിന്തുടരുന്നത്. യൂറോപ്പിലും മറ്റും വിജയകരമായി പരീക്ഷിച്ച ഈ രീതി കുട്ടികളുടെ ആത്മാവിനെ കണ്ടെത്താന്‍ സഹായിക്കുമെന്ന് ഇവര്‍ പറയുന്നു. അറിവിനെ അവര്‍ തന്നെ കണ്ടെത്തുന്നു, ജീവിതത്തില്‍ പകര്‍ത്തുന്നു. സ്‌കൂളില്‍ പോകാതെ തന്നെ ജീവിതത്തിന്റെ ഉന്നതങ്ങള്‍ കീഴ്‌പ്പെടുത്തിയ പല പ്രമുഖരും ഇവര്‍ക്ക് മുമ്പില്‍ ഉദാഹരണങ്ങളായുണ്ട്.

ജീവിതം പോരാട്ടമാണെന്ന് ഈ കുടുംബം വിശ്വസിക്കുന്നു. വെല്ലുവിളികളെ അതിജീവിച്ച്, പുതിയ പരീക്ഷണങ്ങള്‍ നടത്തി, പരാജയങ്ങളുടെ കുഴിയില്‍ നിന്ന് എഴുന്നേറ്റ് നിന്ന്… അങ്ങിനെ ഇപ്പോള്‍ വിജയത്തിന്റെ തീരത്തെത്തിയിരിക്കുന്നു. വെറും ഒരു ജീവിത വിജയത്തിലെന്നതിലുപരി വ്യത്യസ്തമായി ജീവിച്ചുകാണിച്ചുകൊണ്ട്.

ഹിലാലിന്റെ ഇ മെയില്‍ അഡ്രസ് naturehilal@gmail.com