നെടുമ്പാശേരി: ആഭ്യന്തര വിമാനക്കമ്പനികള്‍ നേരിട്ട് ഇന്ധനം ഇറക്കുമതി ചെയ്ത് ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ രാജ്യത്തെ വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഉണ്ടാകുക നൂറുകണക്കിന് കോടി രൂപയുടെ നഷ്ടമായിരിക്കും. വില്‍പ്പന നികുതിയിനത്തില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പ്രതിവര്‍ഷം 7500 കോടി രൂപയോളമായിരിക്കും നഷ്ടം. എന്നാല്‍, വിമാന ഇന്ധനം നേരിട്ട് ഇറക്കുമതി ചെയ്ത് ഉപയോഗിക്കുമ്പോള്‍ വിമാനക്കമ്പനികള്‍ക്കു പ്രവര്‍ത്തനച്ചെലവില്‍ പ്രതിവര്‍ഷം 4500 കോടി രൂപ ലാഭം ഉണ്ടാകും.

കേരള സര്‍ക്കാറിന്റെ നഷ്ടം പ്രതിവര്‍ഷം ഏകദേശം 375 കോടി രൂപയോളമായിരിക്കും. വിമാനഇന്ധനത്തിനു കേരളത്തില്‍ 28.79 ശതമാനമാണു വില്‍പന നികുതി ഈടാക്കുന്നത്.

വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവിന്റെ പകുതിയെങ്കിലും ഇന്ധനത്തിനു വേണ്ടിവരുന്ന ചെലവാണ്. ഇന്ത്യയില്‍നിന്നു വിവിധ വിമാനക്കമ്പനികള്‍ പ്രതിവര്‍ഷം 30,000 കോടിയിലേറെ രൂപയുടെ ഇന്ധനമാണ് ഉപയോഗിക്കുന്നത്.

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവു കുറക്കാന്‍ വിമാനക്കമ്പനികള്‍ക്ക് നേരിട്ട് വിമാന ഇന്ധനം ഇറക്കുമതി ചെയ്യുന്നതിന് മന്ത്രിസഭാ ഉപസമിതിയാണ് പ്രാഥമിക അനുമതി കനല്‍കിയത്. വന്‍തുക വില്‍പ്പന നികുതിയായി നല്‍കേണ്ടി വരുന്നതു മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഒഴിവാക്കാന്‍ നേരിട്ട് ഇന്ധനം ഇറക്കുമതിക്ക് അനുമതി നല്‍കണമെന്ന് കിങ്ഫിഷര്‍ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ സര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Malayalam News

Kerala News In English