കൊച്ചി: കറുകുറ്റി കുഞ്ഞാശേരി കെ.പി രവികുമാര്‍-കാര്‍ത്യായനി ദമ്പതികള്‍ പ്രതീക്ഷ നിറഞ്ഞ കാത്തിരിപ്പിലാണ്. ക്യാന്‍സര്‍ ബാധിതനായി മരിച്ച ഏക മകനില്‍ നിന്നുള്ള പേരക്കുട്ടിയെ ആണ് ഈ മാതാപിതാക്കള്‍ കാത്തിരിക്കുന്നത്. 2011 ജനുവരി അഞ്ചിനാണ് ചെന്നൈയില്‍ സൗണ്ട് എന്‍ജിനിയറിങ് വിദ്യാര്‍ഥിയുമായിരുന്ന രതീഷ്‌കുമാര്‍ (28) ക്യാന്‍സര്‍ ബാധിച്ച് മരിക്കുന്നത്.

അര്‍ബുദ ചികിത്സ തുടങ്ങുന്നതിനു മുമ്പ് ചികിത്സാര്‍ത്ഥം രതീഷ് കുമാറിന്റെ ബീജം ശേഖരിച്ച് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്നു. എറണാകുളം ചേരാനൂരിലെ സെന്റര്‍ ഫോര്‍ ഇന്‍ഫെര്‍ട്ടിലിറ്റി മാനേജ്‌മെന്റ് ആന്‍ഡ് അസിസ്റ്റേഡ് റീപ്രൊഡക്ഷനിലാണ് (സിമാര്‍) ബീജം ക്രിപ്‌റ്റോപ്രിസര്‍വേഷന്‍ ചെയ്തു സൂക്ഷിച്ചത്. ചികിത്സക്കിടെ ന്യൂമോണിയ ബാധിച്ച് മകന്‍ മരിച്ചതോടെ അനന്തരാവകാശികളില്ലാതായ ദമ്പതികള്‍, ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐ.വി.എഫ്), ഇന്‍ട്രാ സൈറ്റോപ്ലാസ്മിക് സ്‌പേം ഇന്‍ജക്ഷന്‍ തുടങ്ങിയ സങ്കേതങ്ങള്‍ ഉപയോഗിച്ചു മകന്റെ ബീജത്തില്‍ നിന്ന് കുഞ്ഞിനെ ജനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ബീജം സ്വീകരിച്ച് കൃത്രിമ ഗര്‍ഭധാരണം നടത്താന്‍ ബന്ധുവായ സ്ത്രീ സമ്മതം നല്‍കിയതോടെ രവികുമാറിന്റെയും കാര്‍ത്യായനിയുടെയും പ്രതീക്ഷകള്‍ക്ക് ചിറകു മുളച്ചു. തുടര്‍ന്ന്, മകന്റെ ബീജം തിരിച്ചുകിട്ടാന്‍ ഇവര്‍ ആശുപത്രിയെ സമീപിച്ചു. എന്നാല്‍ ബീജത്തിന്റെ ഉടമ ജീവിച്ചിരിപ്പില്ലെന്നു ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതര്‍ ബീജം നല്‍കാന്‍ തയ്യാറായില്ല. ഇതേതുടര്‍ന്ന് ഇവര്‍ എറണാകുളം സ്ഥിരം ലോക് അദാലത്തിനെ സമീപിച്ചു. അപൂര്‍വ്വ നിയമ പോരാട്ടത്തിലൂടെ രതീഷിന്റെ ബീജം തിരികെ നല്‍കാന്‍ എറണാകുളം സ്ഥിരം ലോക് അദാലത്ത് ഉത്തരവിട്ടു.

ബീജം തിരികെ നല്‍കാനുള്ള വ്യവസ്ഥകളും ലോക് അദാലത്ത് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതല്‍ മൂന്നു മാസത്തിനകം ബീജം ഏറ്റുവാങ്ങണം, അല്ലെങ്കില്‍ ആശുപത്രിക്ക് ബീജം നശിപ്പിച്ചുകളയാം. ബീജം ഏറ്റുവാങ്ങിയതിന്റെ തെളിവായി രവികുമാറും കാര്‍ത്യായനിയും ഒപ്പിട്ട രേഖ ആശുപത്രിക്ക് നല്‍കണം. കൃത്രിമ ബീജാധാനം നടത്തുമ്പോള്‍ വരുന്ന വൈദ്യപരമോ നിയമപരമോ ആയ പ്രശ്‌നങ്ങള്‍ക്ക് ആശുപത്രി അധികൃതര്‍ ഉത്തരവാദികളായിരിക്കില്ലെന്ന ഉറപ്പ് നല്‍കുക. കൃത്രിമ ബീജാധാനവുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുക തുടങ്ങിയവയാണ് ലോക് അദാലത്ത് നിര്‍ദേശിച്ചിട്ടുള്ള വ്യവസ്ഥകള്‍.

ഇതെല്ലാം പാലിച്ചാലും ഈ മാതാപിതാക്കള്‍ക്ക് മുമ്പില്‍ പ്രതിബന്ധങ്ങള്‍ ഏറെയുണ്ട്. കൃത്രിമ ഗര്‍ഭധാരണത്തിനുള്ള ചികിത്സയ്ക്കു വന്‍തുകയാകും. മകന്റെ ചികിത്സയ്ക്കു വേണ്ടി ലക്ഷക്കണക്കിനു രൂപ ചെലവിട്ടതോടെ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന ഇവര്‍ക്ക് ആകെയുള്ളത് ഒരു ചെറിയ വീട് മാത്രമാണ്. വെല്‍ഡിങ് വര്‍ക്‌ഷോപ് തൊഴിലാളിയായിരുന്ന രവികുമാര്‍ സുഖമില്ലാത്തതിനാല്‍ ഇപ്പോള്‍ ജോലിക്കു പോകുന്നില്ല. അങ്കമാലി ഗവ. ആശുപത്രിയില്‍ താല്‍ക്കാലിക സ്വീപ്പറായ കാര്‍ത്യായനിയുടെ വരുമാനമാണ് ഉപജീവനത്തനുള്ള ഏക ആശ്രയം. ജീവിത സായാഹ്നത്തില്‍ ഏകമകനെ നഷ്ടപ്പെട്ട് ഒറ്റപ്പെട്ടുപോയ അറുപതുകാരനായ രവികുമാറും അമ്പത്തൊമ്പതുകാരിയായ കാര്‍ത്യായനിയും പ്രതീക്ഷയില്‍ തന്നെയാണ്.

Malayalam news

Kerala news in English