തിരുവനന്തപുരം: കന്യാസ്ത്രീയുടെ മൃതദേഹം വാട്ടര്‍ടാങ്കില്‍ കണ്ടെത്തിയതിനെക്കുറിച്ച് സംസ്ഥാന വനിതാ കമ്മീഷന്‍ അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണും അന്വേഷണ ഉദ്യോഗസ്ഥരും തെളിവെടുപ്പ് നടത്തും.

സംഭവവുമായി ബന്ധപ്പെട്ട് 50 ഓളം പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. കന്യാസ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ലഭിച്ച വിവരങ്ങളില്‍ സംശയകരമായി യാതൊന്നുമില്ലെന്നാണ് പോലീസിന്റെ നിഗമനം. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് റിപ്പോര്‍ട്ടും ലഭിച്ച ശേഷമേ മരണത്തെ സംബന്ധിച്ച് കൂടുതലെന്തെങ്കിലും പറയാനാകുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ചയാണ് സിസ്റ്റര്‍ മേരി ആല്‍സിയയെ വാട്ടര്‍ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ സിസ്റ്ററെ മുറിയില്‍ കാണാതിരുന്നപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് കോണ്‍വെന്റിനു സമീപത്തെ വാട്ടര്‍ ടാങ്കില്‍ സിസ്റ്ററുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തെ ഹോളിക്രോസ് എല്‍.പി സ്‌കൂളിലെ അധ്യാപികയായ സിസ്റ്റര്‍ മേരി ആല്‍സിയ കോട്ടയം മാന്‍വെട്ടം സ്വദേശിനിയാണ്. 21 വര്‍ഷമായി പൂങ്കുളത്തെ കോണ്‍വെന്റിലാണ് താമസം.