തിരുവനന്തപുരം: കന്യാസ്ത്രീയുടെ മൃതദേഹം വാട്ടര്‍ടാങ്കില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പോലീസ് കൂടുതല്‍ ഊര്‍ജ്ജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് 50 ഓളം പേരെ പോലീസ് ചോദ്യം ചെയ്തു. കോണ്‍വെന്റിലെ സിസ്റ്റര്‍മാരെയും ജീവനക്കാരെയും ജോലിക്കാരെയുമാണ് ഇതുവരെ ചോദ്യം ചെയ്തത്. സിസ്റ്റര്‍ ജോലി ചെയ്തിരുന്ന സ്‌കൂളിലെ മറ്റു അധ്യാപകരില്‍നിന്നും വിദ്യാര്‍ത്ഥികളില്‍നിന്നും പോലീസ് ഇന്ന് വിവരങ്ങള്‍ ശേഖരിക്കും. ക്രൈം ആന്റ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്.രമേശ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

സിസ്റ്ററുടെ മരണത്തില്‍ ഒട്ടേറെ ദുരൂഹതകള്‍ നിലനില്‍ക്കെ ലഭിച്ച ഡയറിക്കുറിപ്പുകളില്‍ സംശയകരമായി യാതൊന്നുമില്ലെന്നാണ് സൂചന. മാത്രമല്ല, സിസ്റ്ററുടെ മൃതദേഹം കണ്ടെത്തിയ വാട്ടര്‍ ടാങ്കിന്റെ സ്ലാബ് നിരക്കി മാറ്റിയ നിലയിലാണ് കണ്ടെത്തിയത്. മൃതദേഹത്തില്‍ മുറിവോ മറ്റു പാടുകളോ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സിസ്റ്ററുടെ ശ്വാസകോശത്തിനുള്ളില്‍നിന്ന് വെള്ളത്തില്‍ അംശം ലഭിച്ചതായി പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് റിപ്പോര്‍ട്ടും ലഭിക്കാന്‍ മൂന്നു ദിവസമെടുക്കും. അതിനുശേഷമേ മരണവുമായി ബന്ധപ്പെട്ട് കൂടുതലെന്തെങ്കിലും പറയാനാകുവെന്ന് കമ്മീഷണര്‍ അറിയിച്ചു.

ഇന്നലെയാണ് സിസ്റ്റര്‍ മേരി ആല്‍സിയയെ വാട്ടര്‍ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ സിസ്റ്ററെ മുറിയില്‍ കാണാതിരുന്നപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് കോണ്‍വെന്റിനു സമീപത്തെ വാട്ടര്‍ ടാങ്കില്‍ സിസ്റ്ററുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തെ ഹോളിക്രോസ് എല്‍.പി സ്‌കൂളിലെ അധ്യാപികയായ സിസ്റ്റര്‍ മേരി ആല്‍സിയ കോട്ടയം മാന്‍വെട്ടം സ്വദേശിനിയാണ്. 21 വര്‍ഷമായി പൂങ്കുളത്തെ കോണ്‍വെന്റിലാണ് താമസം.