തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ കരുണാകരന്റെ വിയോഗത്തില്‍ സംസ്ഥാന നിയമസഭ അനുശോചിച്ചു. കരുണാകരന്റെ വിയോഗം രാജ്യത്തിനും സംസ്ഥാനത്തിനും കനത്ത നഷ്ടമാണെന്ന് സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.കരുണാകരന് ആദരാഞ്ജലി അര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു

മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദന്‍, പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്ണന്‍, ഭക്ഷ്യമന്ത്രി സി ദിവാകരന്‍, കെ എം മാണി എന്നിവര്‍ കരുണാകരനെ അനുസ്മരിച്ചു.

കേരളത്തില്‍ നക്‌സല്‍ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ കരുണാകരന്‍ വഹിച്ച പങ്ക് ഏറെവലുതാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി സ്മരിച്ചു. ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇന്നും നക്‌സല്‍ ഭീഷണി നേരിടുമ്പോള്‍ സമാധാന ജീവിതത്തിന് നാം നന്ദി പറയേണ്ടത് കരുണാകരനോടാണെന്നും പ്രതിപക്ഷനേതാവ് അഭിപ്രായപ്പെട്ടു.

ഒരു പുഞ്ചിരിയുടെ കരുത്തില്‍ എല്ലാവരെയും കീഴ്‌പ്പെടുത്തിയ നേതാവായിരുന്നു കരുണാകരനെന്ന് കെ എം മാണി അനുസ്മരിച്ചു.