Categories

പൊന്നാനി-എലത്തൂര്‍ തീരദേശ പാതക്ക് 1699 കോടി

തിരുവനന്തപുരം: പൊന്നാനി മുതല്‍ എലത്തൂര്‍ വരെ വെസ്റ്റ് കോസ്റ്റ് ഓഷ്യന്‍ ഹൈവേ നടപ്പാക്കുമെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനം. ഇതിനായി 1699 കോടി രൂപ അനവദിക്കും. സംസ്ഥാനത്ത് 220 കോടിയുടെ ഇന്‍സ്ട്രിയല്‍ കോറിഡോര്‍ നടപ്പാക്കും. കൊച്ചി മുതല്‍ കോയമ്പത്തൂര്‍ വരെയായിരിക്കുമിത്. കെ എസ് ഐ ഡി സി യുടെ നേതൃത്വത്തിലായിരിക്കും പദ്ധതി നടപ്പാക്കുക. അതിരപ്പള്ളി പദ്ധതി നിയമ തടസങ്ങളൊഴിവാക്കി നടപ്പാക്കാന്‍ ശ്രമിക്കും. സ്മാര്‍ട്ട് സിറ്റി പദ്ധതി സര്‍ക്കാര്‍ നടപ്പാക്കും. കെ എസ് ആര്‍ ടി സിയില്‍ സീസണ്‍ ടിക്കറ്റ് നടപ്പാക്കും. ബി ഒ ടി അടിസ്ഥാനത്തില്‍ വ്യവസായ കോംപ്ലസ്‌കുകള്‍ നിര്‍മ്മിക്കും.

എജ്യുസാറ്റ് പദ്ധതി കോളജുകളിലേക്ക് കൂടി വ്യാപിപ്പിക്കും. ആരോഗ്യവും കായിക വിദ്യാഭ്യാസവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടത്തും. കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ റോഡുകള്‍ക്ക് വീതി കൂട്ടും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും എ ടി എം വഴി നല്‍കും. മലയാളം സര്‍വ്വകലാശാലയുടെ സാധ്യതാ പഠനം നടത്തും. ഇന്‍ഷുറന്‍സ് മേഖലയെ ഉടച്ച് വാര്‍ക്കും.

വ്യാജ മദ്യവും മദ്യത്തിന്റെ ഉപയോഗവും കുറക്കുന്നതിനായി വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിക്കും. എക്‌സൈസ് വകുപ്പിന് തോക്ക് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ നല്‍കും. ബീവറേജസ് കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ മദ്യ വിരുദ്ധ ബോധവത്കരണം നടത്തും.

ആസിയാന്‍ കരാര്‍ സംസ്ഥാനത്തിന് ഭീഷണിയാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടികളെടുത്തിട്ടുണ്ട്. ഉപഭോക്തൃ വിലസൂചികയില്‍ 19 ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായത്. അവശ്യ സാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നു. കേന്ദ്ര നയം കാരണം കാര്‍ഷിക ഉല്‍പാദനം കുറഞ്ഞു. ടൂറിസം മേഖലക്ക് ഊന്നല്‍ നല്‍കും.

രാവിലെ ഒമ്പത് മണിക്കാണ് ബജറ്റ് സ്‌മ്മേളനത്തിന് മുന്നോടിയായി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം തുടങ്ങിയത്. 12 മനിട്ട് മാത്രമാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗമുണ്ടായത്. അസുഖം കാരണം നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ വെട്ടിച്ചുരുക്കുകയായിരുന്നു. ശേഷം സഭ ഇന്നത്തേക്ക് പിരിഞ്ഞു. നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ച മാര്‍ച്ച് 1.2 തീയതികളില്‍ നടക്കും. ബജറ്റ് അവതരണത്തിനായി സഭ തിങ്കളാഴ്ച 8.30ന് വീണ്ടും ചേരും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.