തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സംശയത്തിന്റെ നിഴലിലായ ജസ്റ്റിസ് നാരായണക്കുറുപ്പിനും ജസ്റ്റിസ് തങ്കപ്പനുമെതിരേ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിക്ക് കത്തയച്ചിട്ടുണ്ടെന്ന് വി.എസ് അച്ച്യുതാനന്ദന്‍ വ്യക്തമാക്കി. അതിനിടെ പന്ത്രണ്ടാം നിയമസഭാ സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

ലോട്ടറിവിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ-ഭരണകക്ഷി അംഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റം മൂക്കുകയും പ്രതിപക്ഷം സഭവിട്ട് ഇറങ്ങുകയുമായിരുന്നു. തുടര്‍ന്നാണ് പ്രധാനപ്പെട്ട ബില്ലുകള്‍ ചര്‍ച്ചകൂടാതെ പാസാക്കിയാണ് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞിരിക്കുന്നത്.

കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ അന്വേഷണകമ്മീഷനെ വി.എസ് അച്ച്യുതാനന്ദന്‍ സ്വാധീനിക്കാന്‍ ശ്രമിച്ച വിഷയത്തില്‍ അടിയന്തിരപ്രമേയം അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് മുഖ്യമന്ത്രി വിശദീകരണം നല്‍കിയതോടെ സ്പീക്കര്‍ പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം സഭവിട്ടിറങ്ങുകയായിരുന്നു.

എന്നാല്‍ പ്രതിപക്ഷം സഭവിട്ടിറങ്ങിയതോടെ മുഖ്യമന്ത്രി അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങളെക്കുറിച്ചും കോണ്‍ഗ്രസ് നേതാക്കളുടെ അഴിമതിയെക്കുറിച്ചും പ്രസ്താവന നടത്തി. കരുണാകരന്‍ അന്തരിച്ചെങ്കിലും പാമോലിന്‍ കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേസില്‍ കോണ്‍ഗ്രസിലെ ചില പ്രമാണിമാര്‍ കുടുങ്ങുമെന്ന സ്ഥിതിയണുള്ളത്. ഇതില്‍ നിന്നും ശ്രദ്ധിതിരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ള ജയിലിലെത്തിയ പോലെ ഇനിയും പലരും ജയിലിലെത്തും. പ്രതിപക്ഷം ഇപ്പോള്‍ നടത്തുന്ന ശ്രമങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയും. പ്രതിപക്ഷത്തെ ജനങ്ങള്‍ നിര്‍ത്തേണ്ടിടത്ത് നിര്‍ത്തുമെന്നും ഇരുത്തേണ്ടിടത്ത് ഇരുത്തുമെന്നും വ്യക്തമാക്കിയാണ് മുഖ്യമന്ത്രി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

പ്രകടനവുമായി ഭരണപക്ഷവും
അതിനിടെ പ്രതിപക്ഷം പുറത്തിറങ്ങി പ്രകടനം നടത്തിയതിന് തൊട്ടുപിന്നാലെ ഭരണകക്ഷി എം.എല്‍എഎ മാരും മന്ത്രിമാരുമടക്കം സഭയ്ക്കു പുറത്ത് പ്രകടനം നടത്തി. കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് ജനോപകാരപ്രദമായ പല പദ്ധതികളും നടത്താന്‍ സാധിച്ചുവെന്ന് ഭരണകക്ഷി എം.എല്‍.എമാര്‍ അവകാശപ്പെട്ടു.

രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ അവസാനിച്ച പ്രകടനത്തെ മന്ത്രി എം.വിജയകുമാര്‍ അഭിസംബോധന ചെയ്തു.