എഡിറ്റര്‍
എഡിറ്റര്‍
പള്ളിയെയും പോലീസിനെയും ഉപയോഗിച്ച് പത്ര ഏജന്റുമാരുടെ സമരം പൊളിക്കാന്‍ നീക്കം
എഡിറ്റര്‍
Tuesday 20th March 2012 1:41am

കോഴിക്കോട്: കമ്മീഷന്‍ വര്‍ധനവും മറ്റാവശ്യങ്ങളുമുന്നയിച്ച് പത്ര ഏജന്റുമാരുടെ അനിശ്ചിതകാല ബഹിഷ്‌കരണ സമരം ഇന്ന്(ചൊവ്വാഴ്ച) മുതല്‍ തുടങ്ങും. രാഷ്ട്രീയ പാര്‍ട്ടികളുടെ കീഴില്‍ പുറത്തിറങ്ങുന്ന അഞ്ച് പത്രങ്ങളൊഴികെ മറ്റ് പത്രങ്ങളെയെല്ലാം ബഹിഷ്‌കരിക്കാനാണ് തീരുമാനമെങ്കിലും സമരത്തിന്റെ പ്രധാന ലക്ഷ്യം മലയാള മനോരമയും മാതൃഭൂമിയുമാണ്.

അതേസമയം സമരം പൊളിക്കാന്‍ മാതൃഭൂമിയും മനോരമയും പോലീസ് സംരക്ഷണം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഗ്രാമങ്ങളിലേക്ക് പത്രമെത്തിക്കുന്നതിനും അവിടെ നിന്ന് മറ്റേതെങ്കിലും സംവിധാനം ഉപയോഗിച്ച് പത്രവിതരണം നടത്തുന്നത് തടസ്സപ്പെടുത്താതിരിക്കാനുമാണ് പോലീസ് സംരക്ഷണം തേടിയിട്ടുള്ളത്. പോലീസിന് പുറമെ മനോരമ പത്രം കൃസ്ത്യന്‍ പള്ളികളുടെ സഹായവും തേടിയിട്ടുള്ളതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. പള്ളികള്‍ കേന്ദ്രീകരിച്ച് പത്രവിതരണം നടത്താനുള്ള നീക്കവുമുണ്ട്.

നേരത്തെ കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ ഇത്തരത്തില്‍ പള്ളികള്‍ സമരത്തിനെതിരെ പ്രയോഗിക്കപ്പെട്ടിരുന്നു. കൃസ്ത്യന്‍ സമുദായത്തിനെതിരെയുള്ള സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ അജണ്ടയാണ് മനോരമ ബഹിഷ്‌കരണ സമരമെന്നാണ് പള്ളികള്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രചരണം. എന്നാല്‍ പത്രമുടമകള്‍ എന്ത് തന്ത്രം സ്വീകരിച്ചാലും വായനക്കാരില്‍ പത്രമെത്തിക്കാന്‍ കഴിയില്ലെന്നും സമരത്തിന്റെ ഏതറ്റം വരെ പോകാന്‍ തങ്ങള്‍ തയ്യാറാണെന്നും ന്യൂസ് പേപ്പര്‍ ഏജന്റ്‌സ് യൂണിയന്‍ കോര്‍ഡിനേഷന്‍ നേതാവ് കെ.കെ ബാവ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പ്രധാനമായും അഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഏജന്റുമാരുടെ സമരം. കമ്മീഷന്‍ 50 ശതമാനമാക്കുക, അമിതമായി വരുന്ന സപ്ലിമെന്റുകളുടെ വിതരണത്തിന് അധികം കമ്മീഷന്‍ അനുവദിക്കുക, സപ്ലിമെന്റുകള്‍ പത്രത്തിനുള്ളില്‍ അടക്കി വിതരണത്തിനെത്തിക്കുക, അല്ലെങ്കില്‍ അതിന് പ്രത്യേക കൂലി നല്‍കുക, ഏജന്റ് ആവശ്യപ്പെട്ടതില്‍ അധികം പത്രം വിതരണത്തിനയക്കാതിരിക്കുക തുടങ്ങിയവയാണ് ഏജന്റുമാരുടെ ആവശ്യം.

നേരത്തെ ഏജന്റുമാര്‍ നടത്തിയ സമരത്തോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന സമീപനമായിരുന്നു മാതൃഭൂമിയും മനോരമയും സ്വീകരിച്ചത്. നേരത്തെ സമര ദിവസത്തെ വിതരണം ചെയ്യാത്ത പത്രത്തിന് ബില്ലിട്ടതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ നടത്തിയ ബഹിഷ്‌കരണ സമരത്തിനൊടുവില്‍ പത്രമുടമകള്‍ക്ക് മുട്ടുമടക്കേണ്ടി വന്നിരുന്നു. ചര്‍ച്ചക്ക് പോലും തയ്യാറല്ലെന്ന് അറിയിച്ച ഉടമകള്‍ക്ക് പിന്നീട് നിലപാട് മാറ്റേണ്ടിവരികയും ഏജന്റ്‌സ് യൂണിയന്‍ നേതാക്കളെ ഓഫീസിലേക്ക് വിളിപ്പിക്കേണ്ടി വരികയും ചെയ്തിരുന്നു.

രാഷ്ട്രീയ പാര്‍ട്ടികളുടെ പത്രങ്ങളായ ദേശാഭിമാനി, വീക്ഷണം, ചന്ദ്രിക, ജന്മഭൂമി,ജനയുഗം എന്നീ പത്രങ്ങളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമരം മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്ന് നേരത്തെ ഐ.എന്‍.എസിനെ ഉപയോഗിച്ച് പ്രചാരണം നടത്തിയത് മുന്‍കൂട്ടിക്കണ്ടാണ് മുഴുവന്‍ മാധ്യമങ്ങളെയും ഉള്‍പ്പെടുത്താതിരിക്കാന്‍ ഏജന്റുമാര്‍ ശ്രദ്ധിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളെ തങ്ങളുടെ നിലപാടിനൊപ്പം നിര്‍ത്തുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

അതേസമയം ഏജന്റുമാരുടെ ആവശ്യം അംഗീകരിച്ചതിനെ തുടര്‍ന്ന് മെട്രോ വാര്‍ത്തയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മറ്റ് ചെറുകിട പത്രങ്ങളുടെ മാനേജ്‌മെന്റുമായി ചര്‍ച്ചകള്‍ നടന്നുവരികയാണ്. അതേസമയം നാളത്തെ സമരത്തില്‍ ഈ പത്രങ്ങളെയും ബഹിഷ്‌കരിക്കുന്നുണ്ട്.

നേരത്തെ ടൈംസ് ഓഫ് ഇന്ത്യ കമ്മീഷന്‍ പ്രശ്‌നത്തില്‍ തങ്ങളുടെ ഓഫീസില്‍ നേരിട്ടെത്തി മാതൃഭൂമി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് കെ.കെ ബാവ പറഞ്ഞു. ഏജന്റുമാരുടെ ആവശ്യങ്ങള്‍ ഐ.എന്‍.എസ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അതിന് ശേഷം തീരുമാനിക്കുമെന്നുമാണ് അന്ന് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് നടന്ന രണ്ട് ഐ.എന്‍.എസ് യോഗങ്ങളിലും വിഷയം ചര്‍ച്ചയായില്ല.

അതേസമയം സമരത്തില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാക്കാനാണ് പോലീസിനെ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. നേരത്തെ പെട്രോള്‍ പമ്പുകള്‍ മുഖേന പത്രം വിതരണം ചെയ്യാന്‍ മനോരമ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഏജന്റമാര്‍ സംസാരിച്ചതിനെ തുടര്‍ന്ന് പമ്പ് അധികൃതര്‍ ഇതില്‍ നിന്നും പിന്‍മാറുകയായിരുന്നു. കഴിഞ്ഞ ദിവസം എറണാകുളം മനോരമ ഓഫീസില്‍ നോട്ടീസ് ഏജന്റുമാര്‍ എത്തിയപ്പോള്‍ അത് വാങ്ങാന്‍ സര്‍ക്കുലേഷന്‍ മാനേജര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പോലീസിനെ ഇടപെടീക്കാന്‍ ശ്രമം നടത്തിയെങ്കിലും ഏജന്റുമാരുടെ സംഘടിത ശക്തിക്ക് മുമ്പില്‍ മാനേജ്‌മെന്റിന് പിന്‍വാങ്ങേണ്ടി വരികയായിരുന്നു.

മാതൃഭൂമി മനോരമക്ക് വേണ്ടി എഡിറ്റോറിയലെഴുതിയപ്പോള്‍…

Advertisement