വിതുര: തിരുവനന്തപുരത്തെ വിതുരയില്‍ പൊലീസ് മര്‍ദ്ദനത്തില്‍ മനംനൊന്ത് ദളിത് യുവാവ് തൂങ്ങി മരിച്ച സംഭവം മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കും. മൂന്ന് ആഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

സംഭവത്തില്‍ രണ്ടു പോലീസുകാരെ അന്വേഷണ വിധേയമായി ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിതുര എസ്.ഐ രാജേഷിനെയും എ.എസ്.ഐ ജയകുമാറിനെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.

വിതുര സ്വദേശി സിനു (26) ആണ് ബുധനാഴ്ച രാവിലെയോടെ വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ചത്.

ദീപാവലിയായതിനാല്‍ രാത്രി 7 മണിയോടെ വീടിനു മുന്നില്‍ പടക്കം പൊട്ടിക്കുകയായിരുന്നു സീനു. ഈ സമയം അതുവഴി പോകുകയായിരുന്ന എസ്.ഐ പടക്കം പൊട്ടിക്കുന്നത് കണ്ട് ജീപ്പ് നിര്‍ത്തി ആക്രോശിച്ചു. ഇതിനെ സീനു ചോദ്യം ചെയ്തതോടെ അയാളെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. സ്‌റ്റേഷനില്‍ വച്ച് എസ്.ഐ യുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ സീനുവിനെ ക്രൂരമായി മര്‍ദ്ദിച്ചു.

തുടര്‍ന്ന് രാത്രി പതിനൊന്നരയോടെ സിനുവിന്റെ ബന്ധുവായ ബാബു സ്‌റ്റേഷനിലെത്തി ജാമ്യത്തിലിറക്കി വീട്ടിലെത്തിച്ചപ്പോള്‍ പോലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചതായി സിനു ബന്ധുക്കളോടു പറഞ്ഞിരുന്നു. പോലീസ് മര്‍ദ്ദിച്ച പാടുകള്‍ സിനു തങ്ങളെ കാണിച്ചിരുന്നെന്നും മര്‍ദ്ദനത്തിരയായ തനിക്കിനി ജീവിക്കണ്ട എന്ന് സിനു പറഞ്ഞിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. രാത്രി ഉറങ്ങാന്‍ കിടന്ന സിനുവിനെ രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വിതുര പൊലീസ് സ്‌റ്റേഷനിലേക്ക് പ്രകടനം നടത്തിയിരുന്നു.

Kerala News in English
Malayalam News