കോഴിക്കോട്: അറബി, ഉറുദു, സംസ്‌കൃതം ഭാഷകള്‍ക്കെതിരെയുള്ള സംസ്ഥാന സര്‍ക്കാറിന്റെ നിഷേധാത്മക സമീപനം പ്രതിഷേധാര്‍ഹമാണെന്നും നിലപാട് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കൂട്ടായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കോഴിക്കോട്ട് വിളിച്ച് ചേര്‍ത്ത മുസ്‌ലിം സംഘടനകളുടെ നേതൃയോഗം തീരുമാനിച്ചു.

1968 മുതല്‍ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന ഗ്രൂപ്പ് സി ഡൈവര്‍ഷന്‍ ആനുകൂല്യം റദ്ദാക്കിയതും പുതുതായി അനുവദിച്ച 178 ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ രണ്ട് ഭാഷകള്‍ മാത്രമെ ആകാവൂ എന്ന നിര്‍ദ്ദേശവും വര്‍ഷങ്ങളായി നടത്തി വന്ന ഭാഷാധ്യാപക പരീക്ഷകള്‍ നിര്‍ത്തലാക്കിയതും സര്‍ക്കാറിന്റെ ഭാഷാവിരുദ്ധ നിലപാടിന് ഉദാഹരണമാണെന്ന് യോഗം വിലയിരുത്തി. ഇത്തരം വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാറിന് നിവേദനം സമര്‍പ്പിക്കാനും അനുകൂലനടപടികള്‍ ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ചര്‍ച്ച ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് ദേശീയ സെക്രട്ടറി എം പി അബ്ദുസമദ് സമദാനി സ്വാഗതം പറഞ്ഞു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഡോ. എം കെ മുനീര്‍, കെ പി എ മജീദ്, പി വി അബ്ദുള്‍ വഹാബ് (മുസ്ലിംലീഗ്), ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍, കോട്ടുമല ടി എം ബാപ്പു മുസ്ല്യാര്‍ (സമസ്ത), വി എം കോയമാസ്റ്റര്‍ (സുന്നി വിദ്യഭ്യാസ ബോര്‍ഡ്), എ പി അബ്ദുള്‍ ഖാദര്‍ മൗലവി, ഡോ. എം അബ്ദുള്‍ അസീസ് (കെ എന്‍ എം), ഡോ. ഇ കെ അഹമ്മദ് കുട്ടി, കെ അബൂബക്കര്‍ മൗലവി(കെ എന്‍ എം), കടക്കല്‍ അബ്ദുള്‍ അസീസ് മൗലവി (ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ), ഡോ. ഫസല്‍ ഗഫൂര്‍, സി ടി സക്കീര്‍ ഹുസ്സൈന്‍ (എം ഇ എസ്), ടി കെ അബ്ദുള്‍ കരീം, എഞ്ചിനീയര്‍ പി മമ്മദ് കോയ (എം എസ് എസ്), കെ മോയിന്‍ കുട്ടി, എ മുഹമ്മദ്, കെ കെ അബ്ദുള്‍ ജബ്ബാര്‍ (കെ എ ടി എഫ്) പങ്കെടുത്തു.