കൊല്ലം: പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന കേരളമോചനയാത്ര കൊല്ലത്ത് പുനരാരംഭിച്ചു. വീരേന്ദ്രകുമാര്‍ ആണ് കൊല്ലത്ത് യാത്ര ഉദ്ഘാടനം ചെയ്തത്. ഐസ്‌ക്രീം കേസില്‍ ആരോപണവിധേയനായ കുഞ്ഞാലിക്കുട്ടിക്ക് ഉറച്ച പിന്തുണയാണ് യുഡിഎഫ് നല്‍കുന്നതെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചു.

ഒരു ചാനലിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തായതിനെ തുടര്‍ന്നാണ് കേരളമോചനയാത്ര നിര്‍ത്തിവെച്ചതെന്ന ആക്ഷേപം അംസബന്ധമാണെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. ചാനലിന്റെ നടപടി പത്രധര്‍മമല്ലെന്നും നാല് മാസം മുന്‍പ് ഇത്തരം കാര്യങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ അപ്പോള്‍ വെളിപ്പെടുത്താമായിരുന്നുവെന്നും തെരഞ്ഞെടുപ്പടുത്തപ്പോള്‍ ഇത് പുറത്തുവിട്ടത് ശരിയല്ലെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

ഇത്തരം വാര്‍ത്തകള്‍ പുറത്തുവിട്ട് യുഡിഎഫിനെയും ലീഗിനെയും തകര്‍ക്കാമെന്ന് ഇടതുപക്ഷം വാടകയ്‌ക്കെടുത്ത ഒരു ചാനല്‍ വ്യാമോഹിക്കണ്ടെന്നായിരുന്നു തുടര്‍ന്ന് സംസാരിച്ച എംഎം ഹസന്റെ വാക്കുകള്‍.

കാസര്‍കോട് നിന്ന് പുറപ്പെട്ടപ്പോള്‍ ഭരണപക്ഷത്തെ ക്രൂരമായി വിമര്‍ശിച്ചുകൊണ്ടാണ് കേരളമോചനയാത്ര തുടങ്ങിയത്. എന്നാല്‍ കൊല്ലത്തെത്തിയപ്പോഴേക്കും ഐസ്‌ക്രീപാര്‍ലര്‍കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരായുണ്ടായ ആരോപണങ്ങളോട് പ്രതികരിക്കുകയാണ് മിക്കനേതാക്കളും.