car-of-kerala-minister

കായംകുളം: വാഹനാപകടത്തില്‍ യുവാവ് മരിച്ച് അരമണിക്കൂര്‍ കഴിഞ്ഞിട്ടും പോലീസ് എത്താത്തതില്‍ പ്രതിഷേധിച്ച് ക്ഷുഭിതരായ ജനക്കൂട്ടം അതുവഴി വന്ന ഭക്ഷ്യമന്ത്രി സി ദിവാകരന്റെ കാര്‍ ആക്രമിച്ചു. ജനക്കൂട്ടം മന്ത്രിയുടെ സ്റ്റേറ്റ് കാറിന്റെ ചില്ല് തകര്‍ത്തു. സംഭവത്തില്‍ 20 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ദേശീയപാത കൃഷ്ണപുരത്ത് ഇന്നലെ രാത്ര ഒമ്പത് മണിയോടെയാണ് മന്ത്രിയുടെ കാറിന് നേരെ ആക്രമണമുണ്ടായത്. കൃഷ്ണപുരം മുക്കട ജങ്ഷനുസമീപം മോട്ടോര്‍ബൈക്ക് സ്പീഡ്‌ബ്രേക്കറില്‍ തട്ടി യുവാവ് മരിച്ചിരുന്നു. മൃതദേഹം അരമണിക്കൂര്‍ റോഡരികില്‍ കിടന്നിട്ടും പോലീസ് എത്താത്തതില്‍ ജനം ക്ഷുഭിതരായി നില്‍ക്കുമ്പോഴാണ് മന്ത്രിയെത്തിയത്. പോലീസ്, മന്ത്രിയെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതിനാല്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങളുണ്ടായില്ല.

ബൈക്ക് ഓടിച്ചിരുന്ന കരുനാഗപ്പള്ളി കല്ലേലിഭാഗം പ്ലാമൂട്ടില്‍ റജി (26) റോഡില്‍ തലയിടിച്ചു വീണുമരിച്ചു. ബൈക്കിന്റെ പിന്‍സീറ്റിലുണ്ടായിരുന്ന കരുവാറ്റ സ്വദേശി ബിജു(27)വിനെ ഗുരുതരമായ പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാത്രി 10 മണിയോടെ വന്‍പോലീസ്‌സംഘമെത്തി മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് നാട്ടുകാരെ ലാത്തിവീശി വിരട്ടിയോടിച്ചു. ഈസമയം തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.രാധാകൃഷ്‌നന്‍ മന്ത്രി ദിവാകരനെ കാറില്‍ കയറി തിരുവനന്തപുരത്തിനു പോവുകയായിരുന്നു. രാത്രി 10.15 ഓടെ ദേശീയപാതയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു.സംഭവത്തില്‍ 20 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഒ­ക്ടോ­ബര്‍ 22 2009 11 pm IST