Categories

മഞ്ഞളാംകുഴി അലിയുടെ കാറിടിച്ച് ഒരാള്‍ മരിച്ചു

manjalamkuzhi aliമണ്ണഞ്ചേരി: നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി സഞ്ചരിച്ച കാര്‍ ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ആലപ്പുഴ-എറണാകുളം ദേശീയ പാതയില്‍ കലവൂര്‍ ബര്‍ണാട് ജങ്ഷണില്‍ കലവൂര്‍ ഇലക്ട്രിക് സെക്ഷന്‍ ഓഫീസിന് മുന്നില്‍ ഇന്നലെ വൈകുന്നേരം 7.15 ഓടെയായിരുന്നു അപകടം.

Ads By Google

മാരാരിക്കുളം തെക്ക് പഞ്ചായത്ത് ചെറിയകലവൂര്‍ കടപ്പാലില്‍ രാമചന്ദ്രനാ(60)ണ് മരിച്ചത്. അപകടത്തില്‍ കാലിന് പരിക്കേറ്റ മന്ത്രിയെ ചേര്‍ത്തല സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ അസ്ഥി പൊട്ടിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഹരിപ്പാട് പായിപ്പാട് ജലോത്സവം ഉദ്ഘാടനം ചെയ്തശേഷം മടങ്ങുകയായിരുന്ന മന്ത്രിയുടെ വാഹനം എതിരെ വന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറെ ഉടന്‍ തന്നെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും കാറിന്റെ മുന്‍ഭാഗവും തകര്‍ന്നു. കാര്‍ ഡ്രൈവര്‍ രവീന്ദ്രന് നിസാര പരിക്കേറ്റു.

വാടകയ്‌ക്കെടുത്ത ഓട്ടോയായിരുന്നു രാമചന്ദ്രന്‍ ഓടിച്ചിരുന്നത്. മൂത്തമകള്‍ മായയുടെ ഗൃഹപ്രവേശനചടങ്ങിനായി രാമചന്ദ്രന്റെ കുടുംബാംഗങ്ങള്‍ ഷൊര്‍ണൂരിലേക്ക് പോയിരിക്കുകയായിരുന്നു. എന്നാല്‍ വീട്ടിലെ കന്നുകാലികളെ നോക്കാനുള്ളത് കൊണ്ട് രാമചന്ദ്രന്‍ ഗൃഹപ്രവേശനചടങ്ങിന് പോയിരുന്നില്ല.

രാമചന്ദ്രകുറുപ്പിന്റെ മൃതദേഹം ആലപ്പുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: തങ്കമണി. മക്കള്‍: മായ, പ്രിയ. മരുമക്കള്‍: രവികുമാര്‍ (മിലിറ്ററി), സുരേഷ്.

Tagged with: