ന്യൂദല്‍ഹി: അന്യ സംസ്ഥാന ലോട്ടറികള്‍ക്കെതിരെ സംസ്ഥാനത്തിന് നടപടിയെടുക്കാമെന്ന് ആഭ്യന്ത്രമന്ത്രി പി.ചിദംബരം. പാര്‍ലിമെന്റ് പാസാക്കിയ നിയമത്തില്‍ ഇതിന് വ്യവസ്ഥകളുണ്ട്. ഇതനുസരിച്ച് നടപടി സ്വീകരിക്കുകയാണ് കേരളം ആദ്യം ചെയ്യേണ്ടത്. അതു ചെയ്യാതെ കുറ്റം കേന്ദ്രത്തിന് മേല്‍ കെട്ടിവെക്കാനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചിദംബരം പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ചിദംബരം ഇക്കാര്യം വ്യക്തമാക്കിയത്.

ലോട്ടറി വിവാദത്തില്‍ ആദ്യമായാണ് ചിദംബരം നിലപാട് വ്യക്തമാക്കുന്നത്. ലോട്ടറി മാഫിയക്കെതിരെ കേന്ദ്ര സര്‍ക്കാറാണ് നടപടിയെടുക്കേണ്ടതെന്നും എന്നാല്‍ ഇതു ചെയ്യാതെ കേന്ദ്രം ലോട്ടറി മാഫിയയുമായി ഒത്തു കളിക്കുകയാണെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ തുടര്‍ച്ചയായി ആരോപിക്കുന്നത്. നേരത്തെ ധനമന്ത്രി കൂടിയായിരുന്ന ചിദംബരം മന്ത്രിയാകുന്നതിന് മുമ്പ് ലോട്ടറി മാഫിയക്ക് വേണ്ടി കോടതിയില്‍ ഹാജരായിരുന്നുവെന്നും കേരളം ചൂണ്ടിക്കാട്ടിയരുന്നു.