കൊച്ചി: തദ്ദേശഭരണതിരഞ്ഞെടുപ്പിന്റെ നഗരസഭകളിലേക്കുള്ള വോട്ടെണ്ണല്‍ തുടങ്ങി മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ പലയിടത്തും യു ഡി എഫ് കുതിക്കുന്നു. കല്‍പ്പറ്റ,കൊച്ചി,തൃശ്ശൂര്‍,കണ്ണൂര്‍ എന്നി നഗരസഭകള്‍ യു ഡി എഫ് സ്വന്തമാക്കി.

കാസര്‍ഗോഡ് യു ഡി എഫിന്റെ ആധിപത്യത്തിലേക്ക് പോകുന്നു. 25 സീറ്റുകളില്‍ യു ഡി എഫ് 14ഇടത്ത് ജയിച്ചിട്ടുണ്ട്. ഇവിടെ ഒരിടത്ത് ഒഴികെ എല്ലായിടത്തും ലീഗിനാണ് ജയം. ബി ജെ പി എട്ട് വാര്‍ഡുകള്‍ നേടിയപ്പോള്‍ എല്‍ ഡി എഫിന് നാലെണ്ണം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

തിരുവനന്തപുരം നഗരസഭയിലും യു ഡി എഫ് മുന്നിട്ടുനില്‍ക്കുന്ന സൂചനകളാണ് ലഭിക്കുന്നത്. പാലാ നഗരസഭയില്‍ വിമതരുടെ ശക്തമായ സാന്നിധ്യമുണ്ടായിരുന്നെങ്കിലും യു ഡി എഫിന്റെ വിജയത്തെ തടഞ്ഞുനിര്‍ത്താനായില്ല.

കണ്ണൂര്‍ 31 വാര്‍ഡുകളില്‍ 25 എണ്ണം യു ഡി എഫില്‍ നേടിയപ്പോള്‍ 5 എണ്ണം എല്‍ ഡി എഫ് നേടി. ഇവിടെ 14 ാം വാര്‍ഡില്‍ എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി ഒരുവാര്‍ഡില്‍ ജയിച്ചിട്ടുണ്ട്. രണ്ടുവാര്‍ഡുകളില്‍ എസ് ഡി പി ഐ സ്ഥാനാര്‍ത്ഥികള്‍ മുന്നിട്ടുനില്‍ക്കുന്നുണ്ട്. കണ്ണൂര്‍ മുന്‍സിപ്പാലിറ്റി യു ഡി എഫ് നേടി. കണ്ണൂര്‍ കൂത്തുപറമ്പില്‍ ഫലം വന്ന എട്ടിടത്തും എല്‍ ഡി എഫ് മുന്നിട്ടുനില്‍ക്കുന്നു. ഇവിടെ യു ഡി എഫിനോ ബി ജെ പിക്കോ മുന്നേറ്റമുണ്ടാക്കാനായിട്ടില്ല.

മലപ്പുറത്ത് പൊന്നാനി നഗരസഭ എല്‍ ഡി എഫില്‍ നിന്നും യു ഡി എഫ് പിടിച്ചെടുത്തു. ജില്ലയില്‍ നിലമ്പൂര്‍ ഒഴികെയുള്ള എല്ലായിടത്തും യു ഡി എഫ് കുതിക്കുകയാണ്.

അതിനിടെ ഷൊര്‍ണൂരിലെ ആദ്യജയം വിമതര്‍ നേടി. പാലക്കാട് ബി ജെ പിക്ക് മൂന്നുവാര്‍ഡുകളും എല്‍ ഡി എഫിന് മൂന്നും യു ഡി എഫിന് മൂന്നും വാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഇവിടെ യു ഡി എഫ് വിമത സ്ഥാനാര്‍ത്ഥിയും വിജയിച്ചിട്ടുണ്ട്. ജനകീയ വികസന മുന്നണിക്ക് ഷൊര്‍ണൂരില്‍ ഒരു വാര്‍ഡ് ലഭിച്ചു.

15 വര്‍ഷമായി എല്‍ ഡി എഫ് കുത്തക നിലനിര്‍ത്തിയിരുന്ന കല്‍പ്പറ്റ നഗരസഭയിലാണ് യു ഡി എഫ് ചരിത്രനേട്ടം സ്വന്തമാക്കിയത്. വയനാട്ടിലെ കല്‍പ്പറ്റ നഗരസഭയില്‍ യൂ.ഡി.എഫ് ആധിപത്യം ഉറപ്പിച്ചു. 15 വര്‍ഷമായി എല്‍.ഡിഎഫിന്റെ കുത്തകയായിരുന്ന കല്‍പ്പറ്റ നഗരസഭയാണ് യു. ഡി.എഫിന് ലഭിച്ചിരിക്കുന്നത്. ജനദാദള്‍ യുഡിഎഫിലേക്ക് ചേക്കേറിയ ശേഷം ആദ്യത്തെ തിരഞ്ഞെടുപ്പ് എന്ന തരത്തില്‍ കല്‍പ്പറ്റ നഗരസഭയെ രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കിയിരുന്നു.