തിരുവനന്തപുരം: തടവില്‍ കഴിയുന്ന മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ഫോണില്‍ വിളിച്ച സംഭവത്തെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചത് പ്രതിപക്ഷ ബഹളത്തിനിടയാക്കി.

സുപ്രീംകോടതി ഒരു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ച് തടവില്‍ കഴിയുന്ന ആര്‍ ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി ഫോണില്‍ ബന്ധപ്പെട്ടു എന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ വിഷയത്തില്‍ പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കുകയായിരുന്നു. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്.

റൂള്‍ 52 പ്രകാരം ഇതുസംബന്ധിച്ച വിഷയം ഇന്നലെ ചര്‍ച്ച ചെയ്തതിനാല്‍ ഇന്ന് പരിഗണിക്കാനാവില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. എന്നാല്‍ ചട്ടം 52 (4) പ്രകാരം ഇത് ചര്‍ച്ച ചെയ്യാവുന്നതാണെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് സ്പീക്കര്‍ പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. പിന്നീട് പ്രതിപക്ഷ അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ച് പുറത്തേക്ക് പോയി.