തിരുവനന്തപുരം: നിയമസഭയില്‍ ചോദ്യോത്തര സമയത്ത് പ്രതിപക്ഷ ബഹളം. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളില്‍ നിന്ന് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ ഒഴിവാക്കിയെന്നാരോപിച്ചാണ് പ്രതിപക്ഷ ബഹളമുണ്ടാക്കിയത്.

പാമോയില്‍ അഴിമതി, മന്ത്രിമാര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണം എന്നിവയെ സംബന്ധിച്ച ചോദ്യങ്ങള്‍ നക്ഷത്രചിഹ്നമിടാത്ത വിഭാഗത്തിലേക്ക് മാറ്റിയത് സഭയില്‍ മുഖ്യമന്ത്രി നേരിട്ട് മറുപടി പറയുന്ന സാഹചര്യം ഒഴിവാക്കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

പ്രതിപക്ഷ ബഹളത്തിനിടെ സ്പീക്കര്‍ സഭാ നടപടികളിലേക്ക് കടന്നു. ഇതോടെ പ്രതിപക്ഷം ഇരിപ്പിടത്തില്‍ നിന്നിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാക്കളാരും ചോദ്യം ചോദിക്കാന്‍ തയ്യാറായില്ല. പ്രതിപക്ഷാംഗങ്ങളുടെ അവകാശം അട്ടിമറിയ്ക്കപ്പെടുന്നുവെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു.

സ്പീക്കറെ സര്‍ക്കാര്‍ റബ്ബര്‍ സ്റ്റാമ്പ് ആക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. എന്നാല്‍ ചെയറിനെ അപമാനിക്കുന്ന തരത്തിലുള്ള പദപ്രയോഗമാണ് പ്രതിപക്ഷം നടത്തുന്നതെന്നും ഇത് പ്രതിപക്ഷനേതാവ് ശ്രദ്ധിക്കണമെന്നും സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മണിചെയിന്‍ തട്ടിപ്പുമായി ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ് തടയാന്‍ നിയമനിര്‍മാണം നടത്തുന്ന കാര്യങ്ങള്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി.

വിഴിഞ്ഞം പദ്ധതിയ്ക്ക് പരിസ്ഥിതി അനുമതി തേടി ഒരപേക്ഷയും മുന്‍സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയിട്ടില്ലെന്ന് കെ ബാബു. ഇടതുസര്‍ക്കാര്‍ നടത്തിയത് റോഡിന്റെ ഉദ്ഘാടനം മാത്രമാണ്.എന്നാല്‍ വിഴിഞ്ഞം തുറമുഖപദ്ധതി പരിസ്ഥിതി ആഘാതപഠനമെന്ന് പ്രതിപക്ഷം ആരോപിച്ചു.

ഇതിനിടയില്‍ ഇന്ധനവിലവര്‍ധനയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍നിന്നും ഇറങ്ങിപ്പോയി.