ന്യൂദല്‍ഹി: ഇന്ത്യയിലെ മികച്ച സംസ്ഥാനങ്ങളെക്കുറിച്ചുള്ള ഇന്ത്യാ ടുഡെ വാര്‍ഷിക സര്‍വെയില്‍ കേരളത്തിന് മുന്നേറ്റം. ക്രമസമാധാനം മുഖ്യഘടകമായ ഭരണനൈപുണ്യ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും രാജ്യത്തെ ഏറ്റവും അഭിവൃദ്ധി നേടിയ സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനവും കേരളത്തിന് ലഭിച്ചു.[innerad]

ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളുടെയും പ്രവര്‍ത്തനങ്ങളെ താരതമ്യം ചെയ്താണ് കേരളത്തിന് ഈ പദവി ലഭിച്ചത്. രണ്ട് വര്‍ഷം മുമ്പ്  എല്‍.ഡി.എഫ് ഭരണകാലത്തും ഇതേ അവാര്‍ഡ് കേരളത്തെ തേടിയെത്തിയിരുന്നു.

അടിസ്ഥാനസൗകര്യവികസനം, കൃഷി എന്നിവയില്‍ കേരളം വലിയ തോതില്‍ മുന്നോട്ട് പോയതായാണ് ഇന്ത്യാ ടുഡേയുടെ സര്‍വേയില്‍ പറയുന്നത്.
അടിസ്ഥാനസൗകര്യത്തില്‍ കേരളം പതിന്നാലാം സ്ഥാനത്തുനിന്ന് മൂന്നാമതായി കുതിച്ചെത്തിയതായാണ് റിപ്പോര്‍ട്ട്.

മുന്‍ വര്‍ഷത്തെ ഒന്‍പത്, നാല് റാങ്കുകളില്‍ നിന്ന് ഏറെ മുന്നോട്ടുപോയാണ് സംസ്ഥാനം ഈ നേട്ടം കൈവരിച്ചത്. കൃഷിയില്‍ പതിമ്മൂന്നാം റാങ്കില്‍ നിന്ന് നാലാം സ്ഥാനത്തെത്തി. പതിന്നാലില്‍ നിന്ന് എട്ടിലേക്കുയര്‍ന്ന് ആരോഗ്യരംഗത്തും മികച്ച പ്രകടനം നടത്തി. വ്യവസായ നിക്ഷേപരംഗത്ത് 12ല്‍ നിന്ന് എട്ടിലെത്തിയതായി സര്‍വേ പറയുന്നു.

ഉപഭോക്തൃ വിപണിയില്‍ 12 ാം സ്ഥാനത്ത് നിന്നും കേരളം പതിനഞ്ചാം സ്ഥാനത്തേക്ക് പോയി. അതുപോലെ ബൃഹത് സമ്പദ് വ്യവസ്ഥയില്‍ രണ്ടാം സ്ഥാനത്ത് നിന്നും 10 ാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.

മൊത്തത്തിലുള്ള വികസനത്തിലും ക്രമസമാധാനം ഉള്‍പ്പെടുന്ന ഭരണനിര്‍വഹണത്തിലും ഇന്ത്യയ്ക്ക് മാതൃകയായി മാറുന്നു കേരളത്തിന്റെ കുതിപ്പ് എന്നാണ് ഇന്ത്യാ ടുഡെ കേരളത്തിന്റെ പ്രകടനത്തെ വിലയിരുത്തിയത്.

20 വലിയ സംസ്ഥാനങ്ങള്‍, 10 ചെറിയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും എന്നിങ്ങനെ തിരിച്ചാണ് സര്‍വെ നടത്തിയത്. കേരളം വലിയ സംസ്ഥാനങ്ങളില്‍പ്പെടുന്നു.

കൃഷി,  വ്യവസായ നിക്ഷേപം, അടിസ്ഥാനസൗകര്യം, ഭരണനൈപുണ്യം, പ്രാഥമികാരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം, ഉപഭോക്തൃവിപണി, പൊതുസമ്പദ് വ്യവസ്ഥ എന്നീ എട്ടു മേഖലകള്‍ തിരിച്ചാണ് മൂല്യനിര്‍ണയം  നടത്തിയത്.